മുംബൈ കോളജിലെ ഹിജാബ് നിരോധനം: അപ്പീലില്‍ സുപ്രിംകോടതി വാദം കേള്‍ക്കും

Update: 2024-08-07 10:18 GMT

ന്യൂഡല്‍ഹി: ഹിജാബ് നിരോധിച്ച മുംബൈ കോളജിന്റെ നടപടി ശരിവച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരായ വിദ്യാര്‍ഥികളുടെ അപ്പീലില്‍ വാദം കേള്‍ക്കുമെന്ന് സുപ്രിം കോടതി. ഹിജാബ്, നിഖാബ്, ബുര്‍ഖ, തൊപ്പി തുടങ്ങിയവ നിരോധിച്ച കോളജിന്റെ തീരുമാനത്തെ, മതപരമായ സ്വത്വം വെളിപ്പെടുത്തുന്ന വസ്ത്രധാരണമാണവയെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു ജൂണ്‍ 26ന് ബോംബെ ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരേയാണ് സൈനബ് അബ്ദുല്‍ ഖയ്യൂം തുടങ്ങി ഒന്‍പത് വിദ്യാര്‍ഥികള്‍ സുപ്രിം കോടതിയെ സമീപിച്ചത്. വാദം കേള്‍ക്കാന്‍ ഒരു ബെഞ്ചിനെ നിയോഗിക്കാമെന്നും ഉടന്‍ തന്നെ കേസ് പട്ടികയില്‍ പെടുത്താമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിദ്യാര്‍ഥികളുടെ അഭിഭാഷകനെ അറിയിച്ചു.

    ഒരു വിദ്യാഭ്യാസസ്ഥാപനത്തിന് നിര്‍ദ്ദിഷ്ട അച്ചടക്കം നിലനിര്‍ത്താന്‍ ഉപയുക്തമായ ചില ചട്ടങ്ങള്‍ വിദ്യാര്‍ഥികള്‍ക്കുമേല്‍ നിര്‍ബന്ധമാക്കേണ്ടി വരുമെന്ന വാദം ഉയര്‍ത്തിക്കാട്ടിയാണ് മുംബൈ കോളജിന്റെ ഹിജാബ് നിരോധന നടപടി ബോംബെ ഹൈക്കോടതി ശരിവച്ചത്. വസ്ത്രധാരണ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ അനുഛേദം 19(1) (എ) യ്ക്കു പുറമേ തങ്ങളുടെ മതം ആചരിക്കാനും പ്രചരിപ്പിക്കാനുള്ള മൗലികാവകാശം അനുഛേദം 25 പൗരനു വകവച്ചു നല്‍കുന്നുണ്ടെന്നാണ് ഹരജിക്കാരുടെ വാദം.

Tags:    

Similar News