ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്ത് ഡല്‍ഹിയില്‍ നടത്തിയ യോഗത്തില്‍ പങ്കെടുത്തവരില്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച സുപ്രിംകോടതി മുന്‍ ജഡ്ജിയും. സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഹേമന്ത് ഗുപ്തയാണ് പങ്കെടുത്തത്. വേദിയില്‍ വിഎച്ച്പി നേതാക്കളോടൊപ്പം കാവി ഷാള്‍ അണിഞ്ഞാണ് മുന്‍ ജഡ്ജി ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഇരുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഹിജാബ് നിരോധനക്കേസിലെ കര്‍ണാടക ഹൈക്കോടതിയുടെ വിധി സുപ്രിം കോടതിയിലെ അന്തിമ വിധിയില്‍ അദ്ദേഹം ശരിവച്ചിരുന്നു. സമകാലിക സംഭവങ്ങളും കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യന്‍ പൗരന്‍' എന്ന നിലയിലാണ് വിഎച്ച്പി ലീഗല്‍ സെല്‍ സംഘടിപ്പിച്ച പരിപാടിയില്‍ താന്‍ പങ്കെടുത്തതെന്ന് അദ്ദേഹം ദി ക്വിന്റിനോട് പറഞ്ഞു. ഇന്ത്യയുടെ വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കായി കേന്ദ്ര നിയമമന്ത്രി പങ്കെടുത്ത യോഗമാണ് അതെന്നും 2022 ഒക്ടോബറില്‍ സുപ്രിം കോടതിയില്‍ നിന്ന് വിരമിച്ച അദ്ദേഹം പറഞ്ഞു.
'ഇന്ത്യയിലെ ഒരു പൗരനെന്ന നിലയിലാണ് ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുത്തത്. വിരമിച്ച ശേഷം ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്ന വിരമിച്ച ജഡ്ജിമാരെ സംബന്ധിച്ചിടത്തോളം ചര്‍ച്ച ചെയ്യാനുള്ള പ്ലാറ്റ്‌ഫോമുകളുമായും ഫോറങ്ങളുമായും സഹവസിക്കാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരെ കുറിച്ച് എനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ല. എന്നാല്‍ രാജ്യത്തെ മറ്റേതൊരു പൗരനെയും പോലെ നിലവിലെ വിഷയങ്ങളും ചര്‍ച്ചചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ എക്‌സില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. വിഎച്ച്പി ദേശീയ പ്രസിഡന്റ് അലോക് കുമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ വിരമിച്ച ജഡ്ജിമാര്‍, നിയമജ്ഞര്‍, മുതിര്‍ന്ന അഭിഭാഷകര്‍, മറ്റ് ബുദ്ധിജീവികള്‍ പങ്കെടുത്തെന്നായിരുന്നു എക്‌സിലെ കുറിപ്പ്. സുപ്രിം കോടതിയിലെയും വിവിധ ഹൈക്കോടതികളിലെയും വിരമിച്ച 30 ജഡ്ജിമാര്‍ ചടങ്ങില്‍ പങ്കെടുത്തതായി ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപോര്‍ട്ട് പുറത്തുവിട്ടിരുന്നു. മതപരിവര്‍ത്തനം, ഗോസംരക്ഷണം, ഷാഹി ഈദ്ഗാഹ്-ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കങ്ങള്‍, അയല്‍രാജ്യങ്ങളിലെ ഹിന്ദു ക്കക്കെതിരായ പീഡനം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്ത പ്രധാന വിഷയങ്ങളെന്നാണ് റിപോര്‍ട്ട്. ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിലായിരുന്നു പരിപാടി.
സുപ്രിം കോടതിയില്‍ സേവനമനുഷ്ഠിക്കുന്നതിന് മുമ്പ് ജസ്റ്റിസ് ഗുപ്ത മധ്യപ്രദേശ് ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസായും പറ്റ്‌ന ഹൈക്കോടതിയുടെയും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെയും ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ച് രണ്ട് മാസത്തിന് ശേഷം ജസ്റ്റിസ് ഗുപ്തയെ ന്യൂ ഡല്‍ഹി ഇന്റര്‍നാഷനല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍(എന്‍ഡിഐഎസി) ചെയര്‍പേഴ്‌സണായി കേന്ദ്രം നിയമിച്ചു.
2021 ഫെബ്രുവരിയിലാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ഉത്തരവിനെ കര്‍ണാടക ഹൈക്കോടതിയില്‍ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തു. എന്നാല്‍, ഹിജാബ് ധരിക്കുന്നത് 'നിര്‍ബന്ധിത മതാചാരമല്ല' എന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം മതസ്വാതന്ത്ര്യത്താല്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം ശരിവച്ചു. തുടര്‍ന്ന് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ ജസ്റ്റിസ് ഗുപ്തയും ജസ്റ്റിസ് സുധാന്‍ഷു ധൂലിയയും അടങ്ങുന്ന രണ്ടംഗ ബെഞ്ചിനെ സമീപിച്ചു. ജസ്റ്റിസ് ഗുപ്ത ഹൈക്കോടതി വിധി ശരിവച്ചപ്പോള്‍ ജസ്റ്റിസ് ധൂലിയ അത് തെറ്റാണെന്ന ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് വിഷയം വിശാല ബെഞ്ചിന് വിടണമെന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.
2022 ആഗസ്തില്‍ ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്കായി ബെംഗളൂരുവിലെ ചാമരാജ്‌പേട്ടിലെ ഈദ്ഗാഹ് മൈതാനം ഉപയോഗിക്കാന്‍ അനുവദിച്ച കര്‍ണാടക ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത മറ്റൊരു രണ്ടംഗ ബെഞ്ചിലെ ഭിന്ന വിധിയുടെ ഭാഗമായിരുന്നു ജസ്റ്റിസ് ഗുപ്ത. തുടര്‍ന്ന് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത മൂന്നംഗ ബെഞ്ച് അന്നുതന്നെ കേസ് പരിഗണിച്ചിരുന്നു.
2020 ജൂണില്‍ ജസ്റ്റിസുമാരായ ഗുപ്ത, എല്‍എന്‍ റാവു, എ റസ്‌തോഗി എന്നിവര്‍ ചേര്‍ന്നുള്ള ഒരു വിധിന്യായത്തില്‍ 'സ്വകാര്യമായും പൊതുമധ്യത്തിലും അല്ലാതെ നടത്തുന്ന വാക്കാലുള്ള ജാതി അടിസ്ഥാനമാക്കിയുള്ള അധിക്ഷേപങ്ങള്‍ ശിക്ഷാര്‍ഹമല്ലെന്ന് വിധിച്ചിരുന്നു. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളുടെ വീട്ടില്‍ കയറി ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു വിചിത്രവാദം.
2019 സപ്തംബറില്‍ 50 ശതമാനം പരിധി ലംഘിച്ചതിന് മറാത്ത സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച ഭരണഘടനാ ബെഞ്ചിലും ജസ്റ്റിസ് ഗുപ്തയുണ്ടായിരുന്നു.