സുപ്രിംകോടതി മുന്‍ ജഡ്ജി ജി ടി നാനാവതി അന്തരിച്ചു
2002ലെ ഗോധ്ര കലാപം, 1984 ലെ സിഖ് വിരുദ്ധ കലാപം തുടങ്ങിയ അന്വേഷിക്കാന്‍ രൂപീകരിച്ച കമ്മീഷനുകള്‍ക്ക് നേതൃത്വം നല്‍കിയ ജഡ്ജിയാണ് നാനാവതി.
ന്യൂഡല്‍ഹി: 2002ലെ ഗോധ്ര കലാപം, 1984 ലെ സിഖ് വിരുദ്ധ കലാപം തുടങ്ങിയ അന്വേഷിക്കാന്‍ രൂപീകരിച്ച കമ്മീഷനുകള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഗിരീഷ് താക്കോര്‍ലാല്‍ എന്ന ജി ടി നാനാവതി (86) അന്തരിച്ചു. 1935 ഫെബ്രുവരി 17ന് ജനിച്ച അദ്ദേഹം 1958 ഫെബ്രുവരി 11ന് ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ഗവണ്‍മെന്റ് പ്ലീഡേഴ്‌സ് പാനലില്‍ തുടരുകയും തുടര്‍ന്ന് 1979 ജൂലൈയില്‍ ഗുജറാത്ത് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെടുകയും ചെയ്തു. 1993 ഡിസംബറില്‍ ഒഡീഷ ഹൈക്കോടതിയിലേക്ക് മാറ്റപ്പെട്ട അദ്ദേഹം 1994 ജനുവരി 31 മുതല്‍ ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായി.
1994 സപ്തംബറിലാണ് ജസ്റ്റിസ് നാനാവതിക്ക് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റം ലഭിക്കുന്നത്. 1995 മാര്‍ച്ചില്‍ സുപ്രിംകോടതിയുടെ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2000 ഫെബ്രുവരിയിലാണ് സുപ്രിംകോടതി ജഡ്ജിയായി അദ്ദേഹം വിരമിക്കുന്നത്. ജസ്റ്റിസ് നാനാവതിയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് നടക്കുമെന്ന് ഗുജറാത്ത് ഹൈക്കോടതി അഡ്വ. അസോസിയേഷന്‍ അംഗം അഡ്വക്കേറ്റ് ഹാര്‍ദിക് ബ്രഹ്മഭട്ട് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയാണ് 2002ലെ ഗുജറാത്ത് കലാപം അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷന്‍ റിപോര്‍ട്ടിന്റെ അന്തിമപകര്‍പ്പ് സമര്‍പ്പിച്ചത്.
മോദിക്കും അന്ന് മന്ത്രിസഭയിലുണ്ടായിരുന്ന ആര്‍ക്കും, കലാപത്തില്‍ നേരിട്ട് പങ്കില്ലെന്നും അവര്‍ക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് കമ്മീഷന്റെ കണ്ടെത്തല്‍. അന്ന് സംസ്ഥാനസര്‍ക്കാര്‍ കലാപം നിയന്ത്രിക്കാനുള്ള എല്ലാ നടപടികളുമെടുത്തെന്നും നാനാവതി കമ്മീഷന്‍ റിപോര്‍ട്ടിന്റെ അന്തിമപകര്‍പ്പില്‍ പറയുന്നു. ഗുജറാത്ത് എഡിജിപി ആയിരുന്ന ആര്‍ ബി ശ്രീകുമാര്‍ നല്‍കിയ മൊഴികള്‍ സംശയകരമെന്ന് പറയുന്ന കമ്മീഷന്‍ റിപോര്‍ട്ട്, ഗുജറാത്ത് കലാപത്തില്‍ മോദി ഒത്താശ ചെയ്‌തെന്ന് കാട്ടി സത്യവാങ്മൂലം നല്‍കിയ സഞ്ജീവ് ഭട്ട് പറയുന്നതെല്ലാം കള്ളമായിരുന്നെന്നും പറഞ്ഞിരുന്നു.