വികാസ് ദുബെ 'ഏറ്റുമുട്ടല്‍ കൊല': ജ. ബി എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ അന്വേഷിക്കും
സുപ്രിംകോടതിയാണ് ജസ്റ്റിസ് ചൗഹാനെ സമിതി അധ്യക്ഷനാക്കി അന്വേഷണ സമിതി പുനസ്സംഘടിപ്പിച്ചത്.
ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെയുടെ 'ഏറ്റുമുട്ടല്‍ കൊലപാതകം' സുപ്രിംകോടതി മുന്‍ ജഡ്ജി ജ. ബി എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കും. സുപ്രിംകോടതിയാണ് ജസ്റ്റിസ് ചൗഹാനെ സമിതി അധ്യക്ഷനാക്കി അന്വേഷണ സമിതി പുനസ്സംഘടിപ്പിച്ചത്.
അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി ശശികാന്ത് അഗര്‍വാള്‍, ഉത്തര്‍പ്രദേശ് പോലിസ് മുന്‍ മേധാവി കെ എല്‍ ഗുപ്ത എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ജസ്റ്റിസ് ചൗഹാന്റെയും കെ എല്‍ ഗുപ്തയുടെയും പേര് നിര്‍ദേശിച്ചത്.
ജസ്റ്റിസ് ശശികാന്ത് അഗര്‍വാളിനെ മാത്രമാണ് നേരത്തെ അന്വേഷണത്തിനായി യുപി സര്‍ക്കാര്‍ നിയമിച്ചിരുന്നത്. ഇത് പുനസ്സംഘടിപ്പിക്കാന്‍ യുപി സര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. അന്വേഷണസമിതി തലവനായി സുപ്രിംകോടതി മുന്‍ ജഡ്ജിയെ പരിഗണിക്കാനും കമ്മീഷനില്‍ മുതിര്‍ന്ന മുന്‍ പോലിസ് ഉദ്യോഗസ്ഥനെയും നിയമിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
ഒരാഴ്ചക്കകം അന്വേഷണം ആരംഭിക്കാനും രണ്ടും മാസത്തിനകം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. 65 കേസുകളില്‍ പ്രതിയായിരുന്ന ഗുണ്ടാനേതാവ് വികാസ് ദുബെക്ക് പല കേസുകളിലും എങ്ങിനെയാണ് ജാമ്യം കിട്ടിയതെന്നും കമ്മീഷന്‍ അന്വേഷിക്കും.