ഒളിംപിക്‌സ് 2024: അത്‌ലറ്റുകള്‍ക്ക് ഹിജാബ് വിലക്കി ഫ്രാന്‍സ്

Update: 2024-07-19 16:02 GMT

പ്രതീകാത്മക ചിത്രം




പാരിസ്: പാരിസില്‍ ഈമാസം അവസാനം തുടങ്ങുന്ന ഒളിംപിക്‌സില്‍ ഫ്രഞ്ച് അത്‌ലറ്റുകള്‍ക്ക് ഹിജാബ് ധരിക്കുന്നതിന് വിലക്ക്. ജൂലൈ 26 മുതല്‍ ആഗസ്ത് 11 വരെ ഗെയിംസും ആഗസ്ത് 28 മുതല്‍ സപ്തംബര്‍ 8 വരെ പാരാലിംപിക്‌സും നടക്കാനിരിക്കെയാണ് ഫ്രാന്‍സ് തങ്ങളുടെ ദേശീയ ടീം കളിക്കാര്‍ക്ക് ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 24 ന് ഫ്രഞ്ച് കായിക മന്ത്രി അമേലി ഔഡിയാകാസ്റ്ററ ഹിജാബ് വിലക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഹിജാബിന് വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ (ഒഎച്ച്‌സിഎച്ച്ആര്‍) വക്താവ് മാര്‍ട്ട ഹര്‍ട്ടാഡോ പ്രസ്താവിച്ചിരുന്നു. 'ഒരു സ്ത്രീ എന്ത് ധരിക്കണമെന്നും ധരിക്കരുതെന്നും ആരും അടിച്ചേല്‍പ്പിക്കരുതെന്നായിരുന്നു ഹര്‍ട്ടാഡോയുടെ നിലപാട്. ഈ വര്‍ഷം മെയ് 24ന് ആംനസ്റ്റി ഇന്റര്‍നാഷനലും മറ്റ് നിരവധി സംഘടനകളും ഒളിംപിക് ഗെയിംസ് സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തമുള്ള സംഘടനയായ ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിക്ക്(ഐഒസി) വിലക്ക് സംബന്ധിച്ച് കത്തയച്ചിരുന്നു.

പാരീസ് ഒളിംപിക് ഗെയിംസിലും എല്ലാ കായിക ഇനങ്ങളിലും ശിരോവസ്ത്രം ധരിക്കുന്നതിന് ഫ്രഞ്ച് അത്‌ലറ്റുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കാന്‍ ഫ്രാന്‍സിലെ കായിക അധികാരികളോട് പരസ്യമായി അഭ്യര്‍ഥിക്കണമെന്നാണ് ഐഒസിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, സംയുക്തമായി അയച്ച കത്തിനോട് ഐഒസി വേണ്ടരീതിയില്‍ പ്രതികരിച്ചില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ പറഞ്ഞു.

ഫ്രാന്‍സിന്റെ ശിരോവസ്ത്ര നിരോധനം കമ്മിറ്റിയുടെ അധികാര പരിധിക്ക് പുറത്താണെന്നും മതസ്വാതന്ത്ര്യം വിവിധ രാജ്യങ്ങളില്‍ പല തരത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നതെന്നുമായിരുന്നു ഐഒസിയുടെ മറുപടി. തുടര്‍ന്ന്, ശിരോവസ്ത്ര നിരോധനം രാജ്യത്തിന്റെ വിവേചനപരമായ ഇരട്ടത്താപ്പ് നയത്തിന്റെ അസ്തിത്വം തെളിയിക്കുന്നതാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ കുറ്റപ്പെടുത്തി. ഒളിംപിക് ഗെയിംസില്‍ പര്‍ദ്ദ ധരിച്ച ഫ്രഞ്ച് അത്‌ലറ്റുകള്‍ പങ്കെടുക്കുന്നതിനുള്ള വിലക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമാണെന്നും പ്രസ്താവിച്ചിരുന്നു.

France bans hijab for French athletes at Paris 2024


Tags:    

Similar News