ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട കൊലകള്‍; എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

Update: 2024-07-06 17:40 GMT

കോഴിക്കോട് : ഫാഷിസത്തെ ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പയ്യാനക്കല്‍ മേഖല സിഡബ്ല്യുസി തലങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വീണ്ടും അധികാരമേറ്റതിനുശേഷം രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങളള്‍ വര്‍ധിച്ചുവരികയാണ്. തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ മാത്രം മൂന്ന് മുസ്ലിം പണ്ഡിതന്മാരെയാണ് കൊലപ്പെടുത്തിയത്. പശുക്കടത്താരോപിച്ച് ഛത്തീസ്ഗഡില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്ന് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു. ജാര്‍ഖണ്ഡില്‍ ഇരുചക്ര വാഹനം ഓട്ടോറിക്ഷയില്‍ ഉരസിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ അക്രമികള്‍ സംഘടിച്ചെത്തി പള്ളി ഇമാമിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഗോരക്ഷകരെന്ന പേരില്‍ സായുധ ഗുണ്ടകള്‍ ഉത്തരേന്ത്യന്‍ തെരുവുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് താണ്ഡവമാടുകയാണ്. ജയ്പൂരില്‍ നാരങ്ങാ ലോഡുമായി പോയ യുവാക്കളെ ഗോരക്ഷാ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചു.

ബലിപെരുന്നാള്‍ ദിനത്തില്‍ ബലിയറുക്കാനായി പശുക്കളെ കടത്തുന്നുവെന്ന് ആരോപിച്ച് തെലങ്കാനയിലെ മേദകില്‍ സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായ കലാപം നടത്തി. സായുധ അക്രമികള്‍ പരസ്യമായി തല്ലിക്കൊലകള്‍ തുടരുമ്പോള്‍ പോലിസ് ഇരകള്‍ക്കെതിരേ മോഷണം ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടത്തുകയാണ്. ദിനേനയെന്നോണം തല്ലിക്കൊലകള്‍ വര്‍ധിക്കുമ്പോഴും പ്രതിപക്ഷ പാര്‍ട്ടികളുടെ മൗനം സംഘപരിവാരത്തിന് അനുകൂല സാഹചര്യമൊരുക്കുകയാണ്. ഫാഷിസ്റ്റ് തേര്‍വാഴ്ചയ്‌ക്കെതിരേ 15 വരെ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ രാജ്യത്തെ മതനിരപേക്ഷ സമൂഹത്തിന്റെ പിന്തുണയും സഹകരണവും ഉണ്ടാവണമെന്നും സംഗമം ആവശ്യപ്പെട്ടു. സൗത്ത് മണ്ഡലം സെക്രട്ടറി എന്‍ വി താരിഖ് പയ്യാനക്കല്‍ മേഖല സിഡബ്ല്യുസി സെക്രട്ടറി എം സി ഷക്കീര്‍ , വൈസ് പ്രസിഡന്റ് പി ടി റിയാസ് , ജോ.സെക്രട്ടറി താഹ ഹുസൈന്‍ , ട്രഷറര്‍ മുഹമ്മദ് സയ്യിദ് എന്നിവര്‍ നേതൃത്വം നല്‍കി.









Tags:    

Similar News