പയ്യോളി: വര്‍ഷങ്ങള്‍ നീണ്ടുനിന്ന ജലസമരത്തിനൊടുവില്‍ പ്രഖ്യാപിക്കപ്പെട്ട പയ്യോളി നഗരസഭയിലെ പടിഞ്ഞാറന്‍ മേഖലയിലേക്ക് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് പുല്‍ക്കൊടിക്കൂട്ടം സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെ അണിനിരന്ന ജനകീയ പ്രകടനം പയ്യോളി ടൗണില്‍ നടന്നു. പെരുവണ്ണാമൂഴിയില്‍ നിന്ന് തുറയൂരിലെത്തുന്ന കുടിവെള്ളം ദേശീയപാതയും റെയിലും ക്രോസ് ചെയ്ത് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നിര്‍മിക്കുന്ന വലിയ സംഭരണിയിലെത്തിച്ച് 17 ഡിവിഷനുകളിലേക്ക് വിതരണം ചെയ്യുന്നതാണ് നിര്‍ദിഷ്ട കുടിവെള്ള പദ്ധതി.
പദ്ധതിയുടെ സാങ്കേതമായ നടപടിക്രമങ്ങള്‍ ഏറെ മുന്നോട്ടുപോവുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഒരു കരാറുകാരനെ നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, നിരക്ക് പോര എന്നൊരു അസമയത്തുള്ള തര്‍ക്കം ഉയര്‍ത്തി ഈ കരാറുകാരന്‍ എഗ്രിമെന്റ് വയ്ക്കാന്‍ തയ്യാറാവുന്നില്ല. ഈ നിലയില്‍ കരാറുകാരന്‍ പ്രവൃത്തി ഏറ്റെടുക്കാതെ വന്നാല്‍ പുതിയ ടെന്‍ഡറിലേക്കും അതുവഴി ദീര്‍ഘമായ കാലതാമസത്തിലേക്കും പദ്ധതി ചെന്ന്‌പെടുമൊ എന്നാണ് പടിഞ്ഞാറന്‍ മേഖലയിലെ മഞ്ഞ വെള്ളത്തിന്റെ ഇരകളായ ജനങ്ങള്‍ ആശങ്കപ്പെടുന്നത്.
പുതിയ ആറുവരി ദേശീയപാതയുടെ നിര്‍മ്മാണം എറെ മുന്നോട്ടുപോവുന്ന സാഹചര്യത്തില്‍ വാട്ടര്‍ ലൈനിന്റെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള ക്രോസിങ് എന്നന്നേക്കുമായി തടസ്സപ്പെട്ടേക്കുമൊ എന്ന ഭയം ജനങ്ങളെ കൂടുതല്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. പടിഞ്ഞാറന്‍ മേഖലയില്‍ ശുദ്ധജലത്തിന് കാര്യമായ മറ്റൊരു സ്രോതസില്ലാത്ത സ്ഥിതിക്ക് എത്രയും വേഗം പ്രഖ്യാപിക്കപ്പെട്ട നിലവിലെ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരേണ്ടതുണ്ടെന്നാണ് മഞ്ഞ വെള്ളദുരിതക്കാരുടെ ശക്തമായ ആവശ്യം.
ഈയൊരു അടിയന്തര ആവശ്യത്തിനുവേണ്ടി ശക്തമായ സമരങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് പുല്‍ക്കൊടിക്കൂട്ടം സാംസ്‌കാരികവേദിയുട ഒപ്പമുള്ള ജനങ്ങള്‍. വരാനിരിക്കുന്ന സമരത്തിന്റ വിളംബരമെന്നോണം സ്ത്രീകളുടെ വന്‍നിര ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനമാണ് പയ്യോളി ടൗണില്‍ നടന്നത്. പ്രകടനത്തിന് എം സമദ്, നിഷിത് മരിച്ചാലില്‍, ശ്രീകല ശ്രീനിവാസന്‍, ഗീതാ പ്രകാശന്‍, അംബിക ഗിരി വാസന്‍, ചാലില്‍ പവിത്രന്‍, ടി എം കെ രാജന്‍, വി എം സുരേഷ്, മരിച്ചാലില്‍ ശ്രീനിവാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.