പരസ്യപ്രതിഷേധം: കുറ്റ്യാടിയില്‍ 32 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കൂടി അച്ചടക്ക നടപടി; നാലുപേരെ പുറത്താക്കി
കോഴിക്കോട്: കുറ്റിയാടിയിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ പരസ്യപ്രതിഷേധങ്ങളില്‍ വീണ്ടും സിപിഎം അച്ചടക്ക നടപടി. വളയം, കുറ്റിയാടി ലോക്കല്‍ കമ്മിറ്റികളിലെ 32 പേര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി നേതാവ് കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള പരസ്യപ്രകടനത്തിനെതിരേയാണ് നടപടി. കുറ്റിയാടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ നാല് പേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പുറത്താക്കിയവരില്‍ ഒരാള്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. ഇതിന് പുറമേ മൂന്നുപേരെ ഒരുവര്‍ഷത്തേക്കും രണ്ടുപേരെ ആറ് മാസത്തേക്കും സസ്‌പെന്റ് ചെയ്തു.
വടയം ലോക്കല്‍ കമ്മിറ്റിയിലെ രണ്ടുപേരെ ഒരുവര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു. കുറ്റിയാടി ലോക്കല്‍ കമ്മിറ്റിയിലെ കെ കെ ഗിരീഷന്‍, പാലേരി ചന്ദ്രന്‍, കെ പി ബാബുരാജ്, ഊരത്ത് സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി കെ പി ഷിജില്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. കെ പി വല്‍സന്‍, സി കെ സതീശന്‍, കെ വി ഷാജി എന്നിവരെ ഒരുവര്‍ഷത്തേക്കും എം എം വിനീത, സി കെ ബാബു എന്നിവരെ ആറുമാസത്തേക്കും സിപിഎം സസ്‌പെന്റ് ചെയ്തു. വടയം ലോക്കല്‍ കമ്മിറ്റിയിലെ ഏലത്ത് ബാലന്‍, എം എം ബാലന്‍ എന്നിവരെ ഒരുവര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു.
കുറ്റിയാടി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പി കെ ജമാല്‍, കൂരാറ ബ്രാഞ്ച് സെക്രട്ടറി വിനോദന്‍, ഡിവൈഎഫ്‌ഐ കുറ്റിയാടി മേഖലാ സെക്രട്ടറി കെ വി രജീഷ് എന്നിവരെ ആറ് മാസത്തേക്കും പാര്‍ട്ടി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. എംഎല്‍എയെയും ഏരിയാ കമ്മിറ്റി അംഗങ്ങളേയും തരംതാഴത്തിയതിന് പിന്നാലെയാണ് അച്ചടക്ക നടപടികള്‍ തുടരുന്നത്. യുഡിഎഫില്‍നിന്ന് കുറ്റിയാടി സീറ്റ് തിരിച്ചുപിടിച്ചെങ്കിലും കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി അംഗങ്ങളായ മൂന്ന് പേര്‍ക്കെതിരേയും നടപടിയെടുത്തിരുന്നു.
അതിനുശേഷമാണ് ഇപ്പോള്‍ 32 പാര്‍ട്ടി അംഗങ്ങള്‍ക്കെതിരേ നടപടിയുണ്ടായിരിക്കുന്നത്. നേരത്തെ കുറ്റിയാടി ലോക്കല്‍ കമ്മിറ്റി പൂര്‍ണമായും പിരിച്ചുവിട്ട ശേഷം ഇവിടെ അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റിയിലുള്ള മറ്റുള്ളവരെ താക്കീത് ചെയ്തിട്ടുണ്ട്. ബ്രാഞ്ച് തലത്തിലുള്ളവരെയും താക്കീത് ചെയ്യാനാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റിയാടി മണ്ഡലം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനാണ് നല്‍കിയിരുന്നത്. ഇതിനെതിരേ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനുള്ളില്‍ വലിയ പ്രതിഷേധമുണ്ടായി.
ആയിരക്കണക്കിനാളുകള്‍ കുഞ്ഞഹമദ് കുട്ടി മാസ്റ്റര്‍ക്കായി തെരുവിലിറങ്ങിയിരുന്നു. ഇത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കി. അന്ന് പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി സീറ്റ് സിപിഎം ഏറ്റെടുത്തെങ്കിലും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരേ അച്ചടക്ക നടപടിയുമായി നേതൃത്വം മുന്നോട്ടുനീങ്ങുകയായിരുന്നു.