തന്നെ പുറത്താക്കാന്‍ കെപിസിസിക്ക് അധികാരമില്ല; ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ്

Update: 2022-05-13 04:27 GMT

കൊച്ചി: കോണ്‍ഗ്രസില്‍നിന്ന് തന്നെ പുറത്താക്കാന്‍ കെപിസിസിക്ക് അധികാരമില്ലെന്നും അതിന് എഐസിസിക്കാണ് അധികാരമെന്നും കെ വി തോമസ്. പുറത്താക്കല്‍ സംബന്ധിച്ച് ഔദ്യോഗികമായി തനിക്ക് ഒരു അറിയിപ്പും കിട്ടിയിട്ടില്ല. കെപിസിസി അധ്യക്ഷന്‍ നുണ പറയുകയാണ്. താന്‍ എല്‍ഡിഎഫിലേക്ക് ഇല്ലെന്നും തോമസ് പറഞ്ഞു.

മാസങ്ങളായി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കെ വി തോമസിനെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഇന്നലെ പ്രഖ്യാപിച്ചത്. തീരുമാനം എഐസിസിയുടെ അനുമതിയോടെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെ സുധാകരനെ തള്ളി കെ വി തോമസ് രംഗത്തുവന്നത്. കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ നിന്നും മാറാന്‍ തനിക്ക് കഴിയില്ല. അതിനാല്‍, താന്‍ എല്‍ഡിഎഫിലേക്ക് പോവില്ല. കോണ്‍ഗ്രസ് പ്രസക്തി നഷ്ടപ്പെട്ട് അസ്തികൂടമായി മാറി. സ്വതന്ത്രമായി നില്‍ക്കാനാണ് തീരുമാനമെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് കെ വി തോമസിനെ പുറത്താക്കിയതായി സുധാകരന്‍ പ്രഖ്യാപിച്ചത്. ഇനി കാത്തിരിക്കാന്‍ കഴിയില്ലെന്നും തോമസിന് തൃക്കാക്കരയില്‍ ഒരു ചുക്കും ചെയ്യാനാവില്ലെന്നുമാണ് നടപടി വിശദീകരിച്ച് കെപിസിസി അധ്യക്ഷന്‍ പറഞ്ഞത്. തോമസിനൊപ്പം ഒരാളും പാര്‍ട്ടി വിടില്ല. പരമാവധി കാത്തിരുന്നു. ഇനി കാത്തിരിക്കാനാവില്ല. തോമസ് പാര്‍ട്ടിക്കു വെളിയിലായി- സുധാകരന്‍ പറഞ്ഞു.

Tags:    

Similar News