തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്:ഉമാ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്താണോയെന്ന് നേതൃത്വം വ്യക്തമാക്കണം: കെ വി തോമസ്
എറണാകുളത്ത് ബെന്നി ബഹനാന്‍ ,കെ ബാബു,ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരെക്കൂടാതെ പാര്‍ട്ടിയുടെ മുതിര്‍ന്ന ബ്ലോക്ക് പ്രസിഡന്റുമാര്‍ വരെ ഉണ്ട്.ഇവരോടൊക്കെ ചര്‍ച്ച ചെയ്തിട്ടാണോ ഉമാ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് നേതൃത്വം വ്യക്തമാക്കണം.
കൊച്ചി:തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ അന്തരിച്ച പി ടി തോമസിന്റെ ഭാര്യയായ ഉമാതോമസിനെ സ്ഥാനാര്‍ഥിയാക്കിയത് ജില്ലയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്താണോയെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്.ഉമാ തോമസ് തനിക്ക് മകളെപ്പോലെയാണ്. പി ടി തോമസുമായും തനിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്.അത് മറ്റൊരു വശം പക്ഷേ തൃക്കാക്കരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടത് ജില്ലയിലെ മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നാണ്.2018 മുതല്‍ ഒരു സന്ദര്‍ഭത്തിലും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തന്നോട് ഒന്നും ചര്‍ച്ച ചെയ്തിട്ടില്ല.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സുപ്രധാനമാണ്. ഈ സന്ദര്‍ഭത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് എറണാകുളത്തെ നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കണം.ബെന്നി ബഹനാന്‍ ,കെ ബാബു,ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരെക്കൂടാതെ പാര്‍ട്ടിയുടെ മുതിര്‍ന്ന ബ്ലോക്ക് പ്രസിഡന്റുമാര്‍ ഉണ്ട്.ഇവരോടൊക്കെ ചര്‍ച്ച ചെയ്തിട്ടാണോ ഉമാ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും കെ വി തോമസ് ആവശ്യപ്പെട്ടു.
എറണാകുളം ജില്ല കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായതില്‍ തനിക്കും ടി എച്ച് മുസ്തഫയ്ക്കും പി പി തങ്കച്ചനുമൊക്കെ പങ്കാളിത്തമുണ്ട്.താന്‍ ഡിസിസി പ്രസിഡന്റായിരുന്ന സമയത്ത് 14 സീറ്റില്‍ 13 ഉം യുഡിഎഫിനായിരുന്നു.തന്റെ പങ്കാളിത്തവും കൂടി അതിനുണ്ടായിരുന്നു. താന്‍ ഒന്നും ചെയ്യാതെ മാറി നിന്ന കോണ്‍ഗ്രസുകാരനായിരുന്നില്ല.അന്ന് 13 സീറ്റുണ്ടായിരുന്നത് ഇന്ന് ഒമ്പതായി കുറഞ്ഞു. അതും വലിയ നേട്ടമായി കാണുന്ന നേതൃത്വം ഇവിടെയുണ്ടെന്നും കെ വി തോമസ് പരിഹസിച്ചു.താന്‍ വികസന രാഷ്ട്രീയത്തിനൊപ്പമാണ്.തൃക്കാക്കരയിലെ ജനങ്ങള്‍ അന്ധമായ കാഴ്ചപ്പാടുള്ളവരല്ല. ആരെ വിജയിപ്പിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും കെ വി തോമസ് പറഞ്ഞു.