കെ വി തോമസിന് കാബിനറ്റ് റാങ്ക്; കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി
തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയുള്ള നിയമനത്തിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന കെ വി തോമസിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന്റെ വിലക്ക് ലംഘിച്ച് കണ്ണൂരില്‍ സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതോടെയാണ് തോമസും പാര്‍ട്ടിയുമായി ഇടഞ്ഞത്. പിന്നാലെ തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് കെ വി തോമസ് തൃക്കാക്കരയില്‍ സിപിഎം സ്ഥാനാര്‍ഥിയാവുമെന്നു വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ എംപി സമ്പത്തിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. ഡല്‍ഹിയില്‍ കെ വി തോമസിന്റെ രാഷ്ട്രീയ പാരമ്പര്യം കൂടി കണക്കിലെടുത്താണ് കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായുള്ള നിയമനം.