ആവേശമായി സ്‌കൂള്‍ കുട്ടികളുടെ ഇംഗ്ലീഷ്, മലയാളം കയ്യെഴുത്ത് പതിപ്പ് പ്രകാശനം

എഴുത്തിലും വരയിലും വിന്യാസത്തിലും ഉള്ളടക്കത്തിലുമെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട വൈവിദ്ധ്യമാര്‍ന്ന, മനോഹരമായ പതിപ്പുകളാണ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയത്.

Update: 2022-03-25 04:56 GMT

മുക്കം: കക്കാട് ജിഎല്‍പി സ്‌കൂളില്‍നിന്ന് ഈ വര്‍ഷം എല്‍എസ്എസ് നേടിയവരും അല്‍മാഹിര്‍ അറബിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയവരുമായ എട്ടു വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ചടങ്ങ് വാര്‍ഡ് മെമ്പറും കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആമിന എടത്തില്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ കയ്യെഴുത്തു പതിപ്പുകള്‍ പ്രകാശനം ചെയ്തു. എഴുത്തിലും വരയിലും വിന്യാസത്തിലും ഉള്ളടക്കത്തിലുമെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട വൈവിദ്ധ്യമാര്‍ന്ന, മനോഹരമായ പതിപ്പുകളാണ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയത്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടവയും പുറമെയുള്ളവയും പൊതുവിജ്ഞാനങ്ങളുമെല്ലാം ഇവയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വായനാചെപ്പ്, ഹലോ ഇംഗ്ലീഷ് എന്നിങ്ങനെയാണ് കയ്യെഴുത്തു പതിപ്പുകള്‍ക്കു നല്‍കിയ പേര്. സ്‌കൂളില്‍ വരുന്ന അച്ചടിമാധ്യമങ്ങളെ അടിസ്ഥാനമാക്കിയുള്ള ദിനേനയുള്ള ക്വിസ് മത്സരത്തിന്റെ ഭാഗമായി മെഗാ ക്വിസ് മത്സര വിജയികളെയും തെരഞ്ഞെടുത്തു.

കുട്ടികള്‍ തയ്യാറാക്കിയ കയ്യെഴുത്തു പതിപ്പുകളുടെ പ്രകാശനം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗവും സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ സി റിയാസ്, പിടിഎ പ്രസിഡന്റ് അഷ്‌റഫ് കെ.സി എന്നിവര്‍ നിര്‍വഹിച്ചു.

പിടിഎ വൈസ് പ്രസിഡന്റ് കെ ലുഖ്മാനുല്‍ ഹഖീം, എംപിടിഎ ചെയര്‍പേഴ്‌സണ്‍ കമറുന്നീസ മൂലയില്‍, പ്രധാനാധ്യാപിക ജാനിസ് ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജി ഷംസു, ഹബീബ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മിടുക്ക് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങളും നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കയ്യെഴുത്തു പതിപ്പുകളുടെ പ്രദര്‍ശനവും സ്‌കൂള്‍ വരാന്തയില്‍ നടന്നു. പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിക്ക് സീനിയര്‍ അസിസ്റ്റന്റ് ഷഹനാസ്, ഫിറോസ്, ബിന്ദു, റഹീം, ഷീബ, മുഫീദ, വിപിന്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News