റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും. കേസ് പരിഗണിക്കുന്നത് മാറ്റിയ റിയാദ് ക്രിമിനല്‍ കോടതി, കേസിന്റെ പഠനത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് അറിയിച്ചു. നേരത്തെ ഡിസംബര്‍ 30ന് കേസ് പരിഗണിച്ച കോടതി, കേസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഡിസംബറില്‍ റിയാദ് അല്‍ ഖര്‍ജ് റോഡിലെ അല്‍ ഇസ്‌കാന്‍ ജയിലിലെത്തി അബ്ദുല്‍ റഹീമും മാതാവ് ഫാത്തിമയും അബ്ദുല്‍ റഹീമിനെ നേരില്‍ കണ്ടു സംസാരിച്ചിരുന്നു.
അബ്ദുല്‍ റഹീം 2006ലാണ് സൗദിയിലെത്തിയത്. ജോലിക്കിടെ സ്പോണ്‍സറായ സൗദി പൗരന്‍ ഫായിസ് അബ്ദുല്ല അബ്ദുറഹിമാന്‍ അല്‍ ശഹ്രിയുടെ 15 വയസ്സുകാരനായ മകന്‍ അനസ് മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസുമായുണ്ടായ ചെറിയ തര്‍ക്കത്തിനിടെ അബദ്ധത്തില്‍ റഹീമിന്റെ കൈ അനസിന്റെ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു. കേസില്‍ 2006 ഡിസംബര്‍ 26 ന് റഹീം ജയിലിലായി.
34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നല്‍കിയതോടെയാണ് കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. ലോകമെമ്പാടുമുള്ള മലയാളികള്‍ ചേര്‍ന്നാണ് ക്രൗഡ് ഫണ്ടിങ് വഴി ഈ പണം സമാഹരിച്ചത്. എന്നാല്‍ ഇതുവരെ മോചനം സാധ്യമാകാതെ ജയിലില്‍തന്നെ തുടരുകയാണ് റഹീം.