തിരഞ്ഞെടുപ്പ് വേളയില്‍ കൊവിഡ് വ്യാപനമുണ്ടാവാതിരിക്കാന്‍ ജാഗ്രത ശക്തമാക്കും

Update: 2020-11-07 12:11 GMT

കോഴിക്കോട്: ജില്ലയില്‍ പുതുതായി കൊവിഡ് രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വേളയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനുള്ള സാധ്യത മുന്നില്‍ക്കണ്ട് ജാഗ്രത തുടരാന്‍ ജില്ലാതല യോഗം തീരുമാനിച്ചു. മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

    ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു കൊവിഡ് സംബന്ധിയായ സ്ഥിതിവിവരങ്ങള്‍ യോഗത്തില്‍ റിപോര്‍ട്ട് ചെയ്തു. ശക്തമായ പ്രതിരോധ നടപടികളിലൂടെ രോഗവ്യാപനം അതി തീവ്രമാവാതെ തടഞ്ഞുനിര്‍ത്താന്‍ ജില്ലയില്‍ സാധിച്ചതായി യോഗം വിലയിരുത്തി. 18.21 വരെ എത്തിയിരുന്ന പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ ആദ്യവാരം 14.42 ശതമാനമായിരുന്ന പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നവംബര്‍ ആദ്യവാരമാവുമ്പോഴേക്ക് 11.24 ശതമാനമായി കുറഞ്ഞു.

    രോഗപ്രതിരോധ നടപടികളുടെ ഭാഗമായി നടത്തുന്ന കൊവിഡ് ടെസ്റ്റ് ആറുലക്ഷം കടന്നു. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് നടത്തുന്ന ജില്ലയാണ് കോഴിക്കോട്. പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തില്‍ ഉയര്‍ന്ന ടാര്‍ജറ്റാണ് ജില്ലയില്‍ നിശ്ചയിച്ചിട്ടുള്ളത്. ജനസംഖ്യാനുപാതികമായി പ്രതിദിനം 6500 ടെസ്റ്റുകള്‍ നടത്താനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമെങ്കിലും 10000 ടെസ്റ്റ് വരെ ജില്ലയില്‍ നടത്തുന്നുണ്ട്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് രോഗികളെ കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യുകയും ചികില്‍സ നല്‍കുകയും ചെയ്യുന്ന രീതി(ടിടിക്യുടി സംവിധാനം) ജില്ലയില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. കൊവിഡ് പ്രാട്ടോകോള്‍ കണിശമായി പാലിക്കുന്നത് ഉറപ്പുവരുത്താന്‍ സെക്റ്ററല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ചതും പ്രയോജനകരമായി. സെക്റ്ററല്‍ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണ ഫലമായി കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ തടയാനും വ്യക്തികളും സ്ഥാപനങ്ങളും മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ പാലിക്കുന്നത് ഉറപ്പാക്കാനും സാധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സെക്റ്ററല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ചിട്ടുള്ളതും കോഴിക്കോട് ജില്ലയിലാണ്. പ്രോട്ടോകോള്‍ ലംഘനത്തിന് 24962 കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

    ഡെപ്യുട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, സി ബിജു, അഡീഷനല്‍ ഡിഎംഒ ഡോ. രാജേന്ദ്രന്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍, വടകര ആര്‍ഡിഒ അബ്ദുര്‍ റഹ്‌മാന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് പങ്കെടുത്തു.

Vigilant will be strengthened to prevent the spread of Covid during the election




Tags:    

Similar News