അരീക്കോട്: കാല്‍പ്പന്ത് കളിയെ നെഞ്ചോട് ചേര്‍ക്കുന്ന അരീക്കോട്ട് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബാപ്പുസാഹിബ് സ്‌റ്റേഡിയം ഇന്ന് ഫുട്‌ബോള്‍ കളിക്കാര്‍ക്ക് പോലും പ്രവേശനമില്ലാതെ നശിച്ചു കൊണ്ടിരിക്കുന്നു. 2013ല്‍ സ്‌റ്റേഡിയം പ്രവൃത്തിക്ക് തുടക്കമിട്ട് ആറുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. ഇതേ കാലയളവില്‍ നിര്‍മാണത്തിന് തുടക്കമിട്ട മറ്റു സ്‌റ്റേഡിയങ്ങള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നപ്പോള്‍ ഏറെ ഫുട്‌ബോള്‍ താരങ്ങളെ സംഭാവന ചെയ്ത അരീക്കോടില്‍ സ്‌റ്റേഡിയം നിര്‍മാണം നിലക്കുകയായിരുന്നു
ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരെ സംഭാവന ചെയ്ത അരീക്കോട് കാട്ടുതായ് മൈതാനം അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയമാക്കുന്നതിന്റെ ഭാഗമായി 2013ലാണ് പ്രവൃത്തിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം പദ്ധതി പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു.
സമീപ പ്രദേശങ്ങളില്‍ഫുട്‌ബോള്‍ മല്‍സരം ആവേശം കൊള്ളിക്കുമ്പോള്‍ പോലും ഇന്ത്യയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചിരുന്ന അരീക്കോട്ടുക്കാര്‍ക്ക് നിസ്സഹായതയോടെ കാഴ്ചക്കാരാവേണ്ട അവസ്ഥയാണ്. അരീക്കോട് ഫുട്‌ബോള്‍ മല്‍സരത്തിലൂടെ കണ്ടെത്തിയ പണം ഉപയോഗിച്ച് നിരവധി റിലീഫ് പ്രവര്‍ത്തനങ്ങള്‍ വരെ നടത്തിയിരുന്നതോടൊപ്പം ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ കുട്ടികള്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. എന്നാല്‍ ഗ്രൗണ്ട് ഉന്നത നിലവാരമുള്ള സിന്തറ്റിക് സ്‌റ്റേഡിയമാക്കുന്നതിന്റെ ഭാഗമായി 2013 മുതല്‍ നാട്ടുകാര്‍ക്കുള്‍പ്പെടെ പ്രവേശനം വിലക്കിയിരിക്കുകയാണ്. ഫുട്‌ബോള്‍ മല്‍സരങ്ങളോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുപരിപാടികളും കലാപരിപാടികളും കാട്ടുതായ് മൈതാനത്ത് നടത്തിയിരുന്നു.
വിവിധ ഫണ്ടുകളില്‍ നിന്നായി ദേശീയ ഗെയിംസ് അതോറിറ്റിക്കു കീഴില്‍ അഞ്ചുകോടിയിലേറെ രൂപയാണ് സിന്തറ്റിക് ട്രാക് നിര്‍മാണത്തിനും മറ്റും ചെലവഴിച്ചെന്നാണ് രേഖകള്‍. എന്നാല്‍, 2016ല്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പ്രവൃത്തി 2020 ആയിട്ടും പാതിവഴിയില്‍ നിര്‍ത്തിവച്ചതിനു പിന്നില്‍ ക്രമക്കേട് നടന്നെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പ്രവൃത്തി കൂടി നിലച്ചതോടെ സ്‌റ്റേഡിയം കളിക്കാര്‍ക്ക് അന്യമാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ തവണത്തെ വെള്ളപ്പൊക്കത്തില്‍ വെള്ളം കയറി കെട്ടിടത്തിനു നാശനഷ്ടം സംഭവിച്ചിരുന്നു. കളിക്കാര്‍ക്ക് വിശ്രമിക്കാനുള്ള മുറികളില്‍ സാമൂഹിക വിരുദ്ധര്‍ വൃത്തിഹീനമാക്കുകയും ചെയ്തു. അതേസമയം, കോടികള്‍ ചെലവിട്ട അരീക്കോട് സ്‌റ്റേസിയം നിര്‍മാണം വഖ്ഫ് ഭൂമിയിലായതിനാലാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കാന്‍ കാരണമെന്നും പറയപ്പെടുന്നുണ്ട്.
Areekode Stadium loses football glory