അന്തര്‍സംസ്ഥാന തൊഴിലാളിക്ക് നേരേ ആക്രമണം; ഗുരുതര പരിക്കോടെ ആശുപത്രിയില്‍

Update: 2022-02-28 11:03 GMT

പരപ്പനങ്ങാടി: അന്തര്‍സംസ്ഥാന തൊഴിലാളിക്ക് നേരേ ഗുണ്ടാ ആക്രമണം. ഉത്തര്‍പ്രദേശ് സ്വദേശി അനീസലി (32)ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയില്‍ റൂമില്‍നിന്ന് ഇറക്കിക്കൊണ്ടുപോയാണ് മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. പെയിന്റിങ് തൊഴിലാളിയായ അനീസ് ഉള്ളണം തയ്യിലപ്പടിയിലെ സുധീഷ് എന്നയാളുടെ വീട്ടില്‍ ജോലിചെയ്തിരുന്നു. ഇവിടത്തെ ജോലിയിലെ അപാകത ചൂണ്ടിക്കാണിച്ചിരുന്നത്രെ ആക്രമണം.


 ജോലി കഴിഞ്ഞ് കളിയാട്ടമുക്കിലെ താമസ സ്ഥലത്ത് ഇരിക്കുമ്പോഴാണ് മൂവര്‍ സംഘം കൂലി നല്‍കാനെന്ന് പറഞ്ഞ് പുറത്തുകൊണ്ടുപോയി അനീസലിയെ മര്‍ദ്ദിച്ചത്. ഇരുമ്പുവടി കൊണ്ട് അടിയേറ്റതിനെത്തുടര്‍ന്ന് കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യുവാവുമായി കളിയാട്ട മുക്കിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തിരൂരങ്ങാടി പോലിസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നിരുന്നു.

പരിക്ക് ഗുരുതരമായതിനാല്‍ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ആശുപത്രി വളപ്പില്‍ ജോലിചെയ്തിരുന്ന വീട്ടുകാരന്‍ സുധീഷിന്റെ നേതൃത്വത്തില്‍ ഒരുസംഘം അനീസിനെയും കൂടെ വന്നവരെയും തടയുകയും പരാതി പറഞ്ഞാല്‍ ശരിയാക്കുമെന്നും ഭീഷണി മുഴക്കി. ആശുപത്രി പരിസരത്തുണ്ടായിരുന്നവരുടെ ഇടപെടലാണ് വീണ്ടും ആക്രമിക്കാനുള്ള നീക്കം തടഞ്ഞത്. പരിക്ക് ഗുരുതരമായതിനാല്‍ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍നിന്ന് പരിക്കേറ്റയാളെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരൂരങ്ങാടി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Tags:    

Similar News