ജയിലില്‍ നമസ്‌ക്കരിച്ചതിന് മുസ്‌ലിം വിചാരണത്തടവുകാര്‍ക്ക് തടവ് പുള്ളികളുടേയും ഉദ്യോഗസ്ഥരുടേയും ക്രൂര മര്‍ദ്ദനം; സംഘം ചേര്‍ന്നുള്ള ആക്രമണം മണിക്കൂറുകളോളം നീണ്ടു
എന്നാല്‍, മുസ്ലീം തടവുകാരുടെ ബന്ധുക്കള്‍ പറയുന്നത് മറ്റൊരു കഥയാണ്. തര്‍ക്കം നടന്ന് രണ്ട് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 9ന് എട്ട് മുസ്ലീം വിചാരണത്തടവുകാരെ ജയില്‍ അധികൃതര്‍ മണിക്കൂറുകളോളം മര്‍ദ്ദിച്ചെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ജയ്പൂര്‍: ജയിലില്‍വച്ച് നമസ്‌കാരം നിര്‍വഹിച്ചതിന് എട്ടു വിചാരണത്തടവുകാരായ മുസ്‌ലിം വിചാരണത്തടവുകാരെ തടവ് പുള്ളികളും ജയില്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. നാലു മണിക്കൂറോളം നീണ്ട മര്‍ദ്ദനത്തില്‍ പലര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ മാസം ഒമ്പതിനാണ് ക്രൂരപീഡനം അരങ്ങേറിയത്.
അതേസമയം, സെപ്റ്റംബര്‍ 7ന് ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹിന്ദു തടവുകാര്‍ മുസ്‌ലിം തടവുകാരുടെ നമസ്‌കാരം തടഞ്ഞതിനെതുടര്‍ന്ന് പ്രശ്‌നങ്ങളുണ്ടായതും 'ചെറിയ തോതില്‍ ബലംപ്രയോഗിച്ച്' അത് ഉടന്‍ നിയന്ത്രിച്ചെന്നുമാണ് പോലിസ് പറയുന്നത്. എന്നാല്‍, മുസ്ലീം തടവുകാരുടെ ബന്ധുക്കള്‍ പറയുന്നത് മറ്റൊരു കഥയാണ്. തര്‍ക്കം നടന്ന് രണ്ട് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 9ന് എട്ട് മുസ്ലീം വിചാരണത്തടവുകാരെ ജയില്‍ അധികൃതര്‍ മണിക്കൂറുകളോളം മര്‍ദ്ദിച്ചെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
തടവുകാരില്‍ ഒരാളായ സുബൈര്‍ ഖാന്‍, സെപ്തംബര്‍ 14ന് ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ 22കാരനായ അനന്തരവന്‍ നുമാന്‍ ഖാനോട് ആക്രമണം സംബന്ധിച്ച സൂചനകള്‍ നല്‍കിയതോടെയാണ് സംഭവം പുറംലോകത്തെത്തിയത്.
സുബഹി നമസ്‌കാരത്തെചൊല്ലി തടവുകാര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. നമസ്‌കാരത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെചൊല്ലിയായിരുന്നു തര്‍ക്കം. ഇതു സംബന്ധിച്ച് സെപ്തംബര്‍ 7ന് തടവുകാര്‍ തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് സെപ്റ്റംബര്‍ 9ന്, തടവുകാരെ തുറന്ന കോംപൗണ്ടില്‍ ചുറ്റി നടക്കാന്‍ അനുവദിക്കുന്ന സമയം ഇവര്‍ എട്ടു പേരെ ജയിലിലെ മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയും ജയില്‍ ഉദ്യോഗസ്ഥരും മറ്റു ചില തടവുകാരും ചേര്‍ന്ന് നാലു മണിക്കൂറോളം മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു.
ആക്രമണത്തിനിരയായ എട്ട് തടവുകാരും പോലിസ് കള്ളക്കേസില്‍ കുടുക്കി തുറങ്കിലടച്ചവരാണ്. ബോംബ് നിര്‍മിക്കാന്‍ പദ്ധതിയിട്ടെന്നാരോപിച്ചായിരുന്നു പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ചിത്തോര്‍ഗഡ് ജില്ലയില്‍ നിന്ന് അറസ്റ്റിലായ മിക്കവരും മാര്‍ച്ച് മുതല്‍ ജയിലിലാണ്.
എട്ട് തടവുകാരില്‍ ഏഴു പേരും മധ്യപ്രദേശിലെ രത്‌ലാം സ്വദേശികളാണ്. എട്ടാമത്തെ തടവുകാരന്‍ പൂനെ സ്വദേശിയാണ്. സെപ്തംബര്‍ 14ന് 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം നുമാന്‍ ഖാന്‍ പോകാനൊരുങ്ങിയപ്പോള്‍, അമ്മാവന് നടക്കാന്‍ ബുദ്ധിമുട്ടുള്ളത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുകയിരുന്നു. തുടര്‍ന്ന് മര്‍ദനമേറ്റ മറ്റ് തടവുകാരുടെ കുടുംബാംഗങ്ങളെ അദ്ദേഹം സമീപിക്കുകയും അഭിഭാഷകരുമായി ബന്ധപ്പെടുകയും ചെയ്തു. എട്ട് തടവുകാരുടെ ജീവന് ഭീഷണിയുണ്ടെന്നും അവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണമെന്നും ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 15ന് അവര്‍ ജയ്പൂര്‍ സെഷന്‍സ് കോടതിയെ സമീപിച്ചു.
പോലിസ് ഈ വൈദ്യപരിശോധന നടത്തിയപ്പോള്‍ എട്ടുപേര്‍ക്കും പരുക്കുകളുണ്ടെന്ന് കണ്ടെത്തി. എന്നാല്‍, ഏറ്റവും ഗുരുതരമായ പരിക്കുകള്‍ റിപോര്‍ട്ട് ചെയ്യാന്‍ പോലിസ് തയ്യാറായില്ലെന്ന് അവരുടെ അഭിഭാഷകന്‍ മിനാജ്ഉല്‍ ഹഖ് പറഞ്ഞു.