ശ്രമങ്ങള്‍ വിഫലം; കുഞ്ഞ് ആര്യന് വിട
രാജസ്ഥാനില്‍ 55 മണിക്കൂറിലേറെ കുഴല്‍ക്കിണറില്‍ കുടുങ്ങിക്കിടന്ന അഞ്ചു വയസുകാരന്‍ മരണത്തിന് കീഴടങ്ങി
ജയ്പൂര്‍: രാജസ്ഥാനില്‍ 55 മണിക്കൂറിലേറെ കുഴല്‍ക്കിണറില്‍ കുടുങ്ങിക്കിടന്ന അഞ്ചു വയസുകാരന്‍ മരണത്തിന് കീഴടങ്ങി. ദേശീയ ദുരന്തനിവാരണ സേനയാണ് രക്ഷാദൗത്യം ഏറ്റെടുത്തത്. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഴല്‍ക്കിണറുമായി ബന്ധിച്ചശേഷമാണു കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമം ആരംഭിച്ചത്. 150 അടി വെള്ളമുള്ള കിണറ്റില്‍ ക്യാമറ ഇറക്കി നിരീക്ഷണം നടത്താനുള്ള ശ്രമം വിജയിക്കാതിരുന്നത് ദൗത്യത്തിനു വെല്ലുവിളിയായിരുന്നു.
കാളീഘാട്ട് ഗ്രാമത്തിലെ കൃഷിയിടത്തില്‍ കളിച്ചുകൊണ്ടിരിക്കേ, തിങ്കളാഴ്ച വൈകുന്നേരമാണ് ആര്യന്‍ അപകടത്തില്‍പ്പെട്ടത്. 150 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറില്‍ അമ്മയുടെ കണ്‍മുന്നില്‍ നിന്നാണ് കുഞ്ഞ് തുറന്നു കിടന്ന കുഴല്‍ക്കിണറില്‍ വീണത്. പൈപ്പ് വഴി ഓക്സിജന്‍ നല്‍കിയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയത്. കുട്ടിയെ പുറത്തെത്തിച്ചതിനു ശേഷം ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.