ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസ്; അറസ്റ്റിലായത് 20 പേര്‍; ആര്യന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

പ്രത്യേക എന്‍ഡിപിഎസ് കോടതിയാണ് ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

Update: 2021-10-11 00:49 GMT

മുംബൈ: ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പ്രത്യേക എന്‍ഡിപിഎസ് കോടതിയാണ് ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മുംബൈ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

ആര്യനില്‍ നിന്നും ഇതുവരെ മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലാത്തതിനാല്‍ എന്‍സിപിഎസ് ആക്റ്റിനു കീഴില്‍ ജാമ്യം നിരസിക്കാനാവില്ലെന്നായിരുന്നു അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെയുടെ വാദം.

അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഇരുപതായി. കേസില്‍ ഒരു നൈജീരിയ സ്വദേശിയെ കൂടി ഇന്നലെ അറസ്റ്റിലായി. കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാള്‍. ഗൊരേഗാവില്‍ നിന്നായിരുന്നു എന്‍ സി ബി സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് കൊക്കെയ്‌നും പിടിച്ചെടുത്തു.

അതേസമയം ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ അന്വേഷണം ബോളിവുഡിലേക്കും നീങ്ങുകയാണ്. നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍സിബി ചോദ്യം ചെയ്യലടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന ചില വ്യക്തികള്‍ക്ക് ലഹരിമരുന്ന് എത്തിച്ച് നല്‍കാറുണ്ടെന്നാണ് അറസ്റ്റിലായ പ്രതികളിലൊരാളായ അഞ്ജിത്ത് കുമാര്‍ എന്‍സിബിക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇംത്യാസ് ഖത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഇംതിയാസ് ഖത്രിയുടെ വീട്ടിലും ഓഫിസിലും എന്‍സിബിയുടെ പരിശോധന നടത്തിയെങ്കിലും ലഹരി മരുന്നൊന്നും കണ്ടെത്തിയിട്ടില്ല.

Tags:    

Similar News