എസ് ഐ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച; പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തു
ജയ്പൂര്‍: എസ് ഐ റിക്രൂട്ട്‌മെന്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചക്കേസിലെ പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. രാജസ്ഥാനിലെ ചുരു ജില്ലയിലെ പൂനിയ കോളനിയിലെ വിവേക് ബംഭുവിന്റെ വീടാണ് തകര്‍ത്തത്. അനധികൃത നിര്‍മാണം ആരോപിച്ചാണ് മുനിസിപ്പല്‍ കൗണ്‍സില്‍ അധികൃതരുടെ നടപടി. വന്‍ സുരക്ഷാ ക്രമീകരണങ്ങളോടെ തിങ്കളാഴ്ച രാത്രിയാണ് ചുരു മുനിസിപ്പല്‍ കൗണ്‍സില്‍ അധികൃതരെത്തി വീട് പൊളിച്ചത്. വിവേക് ഭംഭുവാണ് അനധികൃതമായാണ് നിര്‍മാണം നടത്തിയതെന്ന് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് സുനില്‍ കുമാര്‍ പറഞ്ഞു. കോളനിയിലെ 114, 115 നമ്പരുകളിലുള്ള പ്ലോട്ടിലെ നിര്‍മാണം അനധികൃത മാണെന്ന് ആരോപിച്ച് അസി. എന്‍ജിനീയര്‍ രവി രാഘവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് നടപടിയെടുത്തത്. നഗരസഭാ പരിധിയില്‍ അനധികൃതമായാണ് ഇയാള്‍ വീട് നിര്‍മിച്ചതെന്നും അതുകൊണ്ടാണ് പൊളിച്ചുനീക്കിയതെന്നും പോലിസ് അറിയിച്ചു. രാജസ്ഥാന്‍ സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പ് അന്വേഷിക്കുന്ന പേപ്പര്‍ ചോര്‍ച്ചാ കേസില്‍ ട്രെയ്‌നി സബ് ഇന്‍സ്‌പെക്ടര്‍മാരടക്കം നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്.