ജയ്പൂര്‍: ഓണ്‍ലൈന്‍ വ്യാപാരത്തിലെ തട്ടിപ്പുകള്‍ കുറേ കേട്ടിട്ടുണ്ട്. എന്നാല്‍, ഇതുപോലൊരു തട്ടിപ്പ് കേള്‍ക്കാന്‍ സാധ്യത കുറവാണ്. വെറും 300 രൂപയുടെ ആഭരണങ്ങള്‍ വിറ്റത് എത്ര രൂപയ്ക്കാണെന്നല്ലേ. ആറ് കോടി രൂപയ്ക്ക്. അതും ഒരു അമേരിക്കക്കാരിയെയാണ് വഞ്ചിച്ചത്. രാജസ്ഥാനിലെ ജയ്പൂരിലെ ഒരു കടയുടമയ്‌ക്കെതിരേയാണ് അമേരിക്കയിലെ ചെറിഷ് എന്ന യുവതി പരാതിയുമായെത്തിയത്. ജയ്പൂരിലെ ജോഹ്‌രി ബസാറിലെ ഒരു കടയില്‍ നിന്നാണ് ചെറിഷ് സ്വര്‍ണം പൂശിയ വെള്ളി ആഭരണങ്ങള്‍ വാങ്ങിയത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ യുഎസില്‍ നടന്ന ഒരു എക്‌സിബിഷനില്‍ അവര്‍ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് വ്യാജമാണെന്ന് തെളിഞ്ഞതത്രേ. തുടര്‍ന്ന് നിയമനടപടിയുമായി ചെറിഷ് ഇന്ത്യയിലേക്കെത്തുകയായിരുന്നു. നേരിട്ടെത്തി അന്വേഷിച്ചപ്പോള്‍ കടയുടമ ആരോപണം നിഷേധിച്ചതിനാല്‍ ചെറിഷ് ജയ്പൂര്‍ പോലിസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
അന്വേഷണത്തില്‍ സഹകരണം ആവശ്യപ്പെട്ട് യുഎസ് എംബസിയുടെ സഹായവും തേടിയിട്ടുണ്ട്. 2022ല്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് ചെറിഷ് കടയുടമ ഗൗരവ് സോണിയെ പരിചയപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യഥാര്‍ത്ഥ ആഭരണങ്ങളാണെന്ന് വിശ്വസിച്ച് ആറു കോടി രൂപ നല്‍കിയെന്നാണ് പോലിസ് പറയുന്നത്. ഇപ്പോള്‍ ഗൗരവ് സോണി, ഇയാളുടെ പിതാവ് രാജേന്ദ്ര സോണി എന്നിവര്‍ മുങ്ങിയിരിക്കുകയാണ്. ഇരുവരെയും കണ്ടെത്താന്‍ പോലിസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ ആധികാരികതയെക്കുറിച്ചും ഭാവിയില്‍ ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുടെ ആവശ്യകതയെക്കുറിച്ചുമാണ് പരാതി ആശങ്കയുയര്‍ത്തുന്നത്.