കടലുണ്ടിപ്പുഴയില്‍ വീണ ഒരു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Update: 2021-10-07 18:29 GMT

മലപ്പുറം: കുളിക്കുന്നതിനിടെ കടലുണ്ടിപ്പുഴയില്‍ വീണ് കാണാതായ ഒരു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കാണാതായ മറ്റൊരു വിദ്യാര്‍ഥിക്കായി തിരച്ചില്‍ നടക്കുകയാണ്. മലപ്പുറം താമരക്കുഴി മുള്ളന്‍ മടയന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ആസിഫാണ്(16) മരിച്ചത്. അയല്‍വാസി താമരക്കുഴി മേച്ചേടത്ത് അബ്ദുല്‍ മജീദിന്റെ മകന്‍ റൈഹാനിനെ (15) യാണ് കാണാതായത്. മലപ്പുറം ഉമ്മത്തൂര്‍ ആനക്കടവ് പാലത്തിന് സമീപത്ത് ഇന്ന് വൈകുന്നേരമായിരുന്നു അപകടം. പരിസരവാസികളായ നാലുകുട്ടികള്‍ ചേര്‍ന്ന് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടയില്‍ രണ്ടു കുട്ടികള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ മലപ്പുറം അഗ്‌നിശമനസേന നടത്തിയ തിരച്ചിലാണ് അപകടമുണ്ടായ സ്ഥലത്തിന് സമീപത്തുനിന്ന് ആറ് മണിയോടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മലപ്പുറം താലുക്കാശുപത്രിയിലേക്ക് മൃതദേഹം മാറ്റി. മരണപ്പെട്ട മുഹമ്മദ് ആസിഫ് മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: സഫിയ. സഹോദരങ്ങള്‍: അല്‍ത്താഫ്, ആരിഫ്, അന്‍സാര്‍, അയ്യൂബ്. എംഎസ്പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് കാണാതായ റൈഹാന്‍.

Tags:    

Similar News