കൊവിഡ്: മലപ്പുറത്ത് ഇന്ന് സാമൂഹിക അടുക്കളകളില്‍നിന്ന് സൗജന്യ ഉച്ചഭക്ഷണം നല്‍കിയത് 9,567 പേര്‍ക്ക്

മാര്‍ച്ച് 26 മുതലാണ് ജില്ലയില്‍ ഭക്ഷണവിതരണം ആരംഭിച്ചത്. ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലുമായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നു.

Update: 2020-04-18 13:17 GMT

മലപ്പുറം: ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്ഷണലഭ്യത ഉറപ്പുവരുത്താന്‍ സാമൂഹിക അടുക്കളകള്‍വഴി ജില്ലയില്‍ ഇന്ന് 9,567 പേര്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം നല്‍കി. അവശവിഭാഗങ്ങള്‍ക്കും നിത്യരോഗികള്‍ക്കും അഗതികള്‍ക്കുമെല്ലാം സൗജന്യമായാണ് തദ്ദേശസ്വയംഭരണസ്ഥപനങ്ങള്‍വഴി ഭക്ഷണപ്പൊതികള്‍ നല്‍കുന്നത്. ഇതുള്‍പ്പെടെ 10,497 പേര്‍ക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. 3,830 പേര്‍ക്ക് അത്താഴവും 1,182 പേര്‍ക്ക് പ്രാതലും ഇതുവരെ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മാര്‍ച്ച് 26 മുതലാണ് ജില്ലയില്‍ ഭക്ഷണവിതരണം ആരംഭിച്ചത്. ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലുമായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നു.

ഭക്ഷണ ലഭ്യതയില്ലാത്തവര്‍ക്ക് 20 രൂപ നിരക്കിലും മൂന്നുനേരം ഭക്ഷണപ്പൊതികള്‍ നല്‍കുന്നുണ്ട്. പാകംചെയ്ത ഭക്ഷണം പ്രത്യേകം ചുമതലപ്പെടുത്തിയ വളണ്ടിയര്‍മാര്‍ വഴിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്നത്. ഗ്രാമപ്പഞ്ചായത്തുകളില്‍ 6,216 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കിയത്. ഇതില്‍ 5,882 പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. 941 പേര്‍ക്ക് പ്രാതലും 3,143 പേര്‍ക്ക് അത്താഴവും നല്‍കി. നഗരസഭകളില്‍ വിതരണം ചെയ്ത 4,281 ഉച്ചഭക്ഷണ പൊതികളില്‍ 3,685 പേര്‍ക്കുള്ള ഉച്ചഭക്ഷണം സൗജന്യമായിരുന്നു. 241 പേര്‍ക്ക് പ്രാതലും 687 പേര്‍ക്ക് അത്താഴവും നഗരസഭാ പരിധികളില്‍ നല്‍കി. 

Tags:    

Similar News