മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡോക്ടേഴ്‌സ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു

Update: 2021-05-29 14:39 GMT

മലപ്പുറം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത് എംബിടി നന്‍മയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ഡോക്ടേഴ്‌സ് ഡെസ്‌ക്. ഡോക്ടേഴ്‌സ് ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ പഞ്ചയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗം തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖയുടെ അധ്യക്ഷതയില്‍ ഡോക്ടേഴ്‌സ് ഡെസ്‌കിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ഡോ. സുരേഷ്‌കുമാര്‍, ഡോ. എന്‍ എം മുജീബ് റഹ്മാന്‍, മലപ്പുറം മുന്‍ എസ്പി അബ്ദുല്‍ കരിം എന്നിവര്‍ വിശദീകരിച്ചു. പോലിസ് ഐജി പി വിജയന്‍ സന്നിഹിതനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍ ജില്ലയിലെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍മാര്‍, ഗ്രാമപ്പഞ്ചയാത് പ്രസിഡന്റുമാര്‍ പഞ്ചയത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഡോക്ടേഴ്‌സ് ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. കൊവിഡ് പോസിറ്റീവായി വീടുകളില്‍ കഴിയുന്നവര്‍, ക്വാറന്റൈനിലുള്ളവര്‍, മറ്റു രോഗികള്‍ എന്നിവര്‍ക്കു വിദഗ്ധ മെഡിക്കല്‍ നിര്‍ദേശങ്ങളും വൈകാരിക പിന്തുണയും സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ഡോക്ടേഴ്‌സ് ഡസ്‌കിന്റെ ഉദ്ദേശം. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലാണ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്.

വിവിധ സ്‌പെഷ്യാലിറ്റികളില്‍നിന്നായി 150 ഓളം വിദഗ്ധഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരിക്കും. ഡോക്ടേഴ്‌സ് ഡെസ്‌കിന്റെ സഹായം തേടാന്‍ 8943270000, 8943160000 എന്നീ നമ്പറുകളിലേക്ക് രാവിലെ 9 മണിമുതല്‍ രാത്രി 9 മണിവരെ ബന്ധപ്പെടാവുന്നതാണ്. എംബിടിയുടെ വളന്റിയര്‍ കോള്‍ എടുക്കുകയും അതാത് ദിവസം സന്നദ്ധസേവനത്തിനായി തയ്യാറായ ഡോക്ടര്‍ക്ക് കൈമാറുകയും ചെയ്യും. രോഗികള്‍ക്ക് സ്വതന്ത്രമായി ഡോക്ടറോട് സംശയങ്ങള്‍ ചോദിച്ച് കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാം.

Tags:    

Similar News