സാന്ത്വനത്തണലില്‍ ശുചിത്വകേന്ദ്രമൊരുങ്ങി; കുടയും ചെരിപ്പ് നന്നാക്കലും ഇനി ഹൈടെക്ക്
പെരിന്തല്‍മണ്ണ നഗരസഭയുടെ സമ്പൂര്‍ണ ശുചിത്വ പദ്ധതിയായ 'ജീവനം' പദ്ധതിയിലുള്‍പ്പെടുത്തി നഗരത്തെ തെരുവോരങ്ങളില്‍ 50 വര്‍ഷത്തിലേറെയായി ചെരിപ്പ്, കുട, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവ റിപ്പയര്‍ ചെയ്യുന്ന 11 തൊഴിലാളികള്‍ക്കായി പൂര്‍ണമായും നഗരസഭയുടെ ചെലവില്‍ സ്ഥിരമായ റിപ്പയറിങ് ഷോപ്പ് നിര്‍മിച്ച് പുനരധിവാസം ഉറപ്പാക്കുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്.
പെരിന്തല്‍മണ്ണ: തെരുവിലെ പൊരിവെയിലില്‍ ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് സാന്ത്വനവുമായി നഗരസഭയുടെ റിപ്പയറിങ് ഷോപ്പ്. പെരിന്തല്‍മണ്ണ നഗരസഭയുടെ സമ്പൂര്‍ണ ശുചിത്വ പദ്ധതിയായ 'ജീവനം' പദ്ധതിയിലുള്‍പ്പെടുത്തി നഗരത്തെ തെരുവോരങ്ങളില്‍ 50 വര്‍ഷത്തിലേറെയായി ചെരിപ്പ്, കുട, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവ റിപ്പയര്‍ ചെയ്യുന്ന 11 തൊഴിലാളികള്‍ക്കായി പൂര്‍ണമായും നഗരസഭയുടെ ചെലവില്‍ സ്ഥിരമായ റിപ്പയറിങ് ഷോപ്പ് നിര്‍മിച്ച് പുനരധിവാസം ഉറപ്പാക്കുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്. ശുചിത്വശീലങ്ങളില്‍ ഏറ്റവും പ്രധാനമായ തത്വമാണ് ഉപഭോഗവസ്തുക്കളുടെ പുനരുപയോഗം. ഇത്തരം പുനരുപയോഗത്തിന് ഉപഭോഗ വസ്തുക്കള്‍ റിപ്പയര്‍ ചെയ്ത് കൊടുക്കുക വഴി ടണ്‍ കണക്കിന് മാലിന്യമാണ് നമ്മുടെ പ്രകൃതിയില്‍നിന്നും ഒഴിവാകുന്നത്. ഇങ്ങനെ നാടിനു മഹത്തായ സേവനം ചെയ്ത റിപ്പയര്‍ തൊഴിലാളികള്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നഗരമധ്യത്തിലെ തെരുവില്‍ വെയിലും മഴയും സഹിച്ച് ജോലിചെയ്യുന്നു. ഇവര്‍ക്ക് സുരക്ഷിതമായി ജോലിചെയ്യാന്‍ പാകത്തിന് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഹൈടെക്ക് ഷോപ്പിങ് കോംപ്ലക്‌സിന്റെ മുന്നിലായുള്ള സ്ഥലത്താണ് പുനരധിവാസ ഷെഡുകള്‍ നിര്‍മിച്ച് നല്‍കിയിരിക്കുന്നത്. ജീവകാരുണ്യസാന്ത്വന പ്രവര്‍ത്തനങ്ങളോടൊപ്പം പാഴ്‌വസ്തുക്കള്‍ റിപ്പയര്‍ ചെയ്ത് പുനരുപയോഗസാധ്യമാക്കാന്‍ നഗരം കേന്ദ്രീകരിച്ച് ഏവര്‍ക്കും ആശ്രയിക്കാവുന്ന നിലയില്‍ റിപ്പയര്‍ ഷോപ്പ് നിര്‍മിക്കുക കൂടി ചെയ്തിരിക്കുകയാണ് പെരിന്തല്‍മണ്ണ നഗരസഭ.
നഗരസഭ ജിവനം പദ്ധതിയുടെയും സ്വഛ് ഭാരത് മിഷന്റെയും പദ്ധതി തുകയില്‍നിന്നും അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച റിപ്പയര്‍ ഷോപ്പ് വരുന്നതോടെ ശുചിത്വമാലിന്യ സംസ്‌കരണ രംഗത്തെ എല്ലാ സൗകര്യങ്ങളും പൂര്‍ണമായി പാലിച്ച നഗരസഭയായി പെരിന്തല്‍മണ്ണ നഗരസഭ മാറിക്കഴിഞ്ഞു. റിപ്പയര്‍ ഷോപ്പിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലിം നിര്‍വഹിച്ചു. ഉപഭോഗവസ്തുക്കള്‍ വാങ്ങി ചുരുങ്ങിയ കാലംകൊണ്ട് പാഴ്‌സ്തുവായി പുറംതള്ളാതെ കഴിയുന്നത്ര പുനരുപയോഗസാധ്യമാക്കാന്‍ റിപ്പയറിങ് ഷോപ്പ് പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പത്തത്ത് ആരിഫ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ എ രതി, ശോഭന ടീച്ചര്‍, സംഘടനാ പ്രതിനിധികളായ കെ ടി സെയ്ദ് കെ അലവി, തെക്കത്ത് ഉസ്മാന്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ പ്രസന്നകുമാര്‍, സൂപ്രണ്ട് കെ ജിനീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ദിലീപ് കുമാര്‍, പി രാജീവന്‍ സംസാരിച്ചു.