പെരിന്തല്‍മണ്ണ നഗരസഭയില്‍ ദുരന്തനിവാരണത്തിന് മൂന്നുകോടി രൂപയുടെ പദ്ധതി

Update: 2020-02-15 11:14 GMT

പെരിന്തല്‍മണ്ണ: കഴിഞ്ഞ രണ്ടുവര്‍ഷമായി തുടര്‍ച്ചയായുണ്ടായ പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍, നഗരസഭാ പ്രദേശത്ത് വരും വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കവും വരള്‍ച്ചയും മറ്റു പ്രകൃതിദുരന്തങ്ങളും നേരിടാന്‍ മൂന്നുകോടി രൂപയുടെ ദുരന്തനിവാരണ പദ്ധതിക്ക് നഗരസഭാ തലത്തില്‍ ചേര്‍ന്ന ദുരന്തനിവാരണ വികസന സെമിനാര്‍ രൂപം നല്‍കി.

    കഴിഞ്ഞ രണ്ടു വര്‍ഷം സ്ഥിരമായി പ്രളയത്തില്‍ മുങ്ങിയ പുഷ്പഗിരി പാടം, ശിഫ കോളനി, മാനത്ത് മംഗലം ബൈപ്പാസ് എന്നീ മേഖലയിലുള്ള തോടുകളായ കോരക്കുളം മുതല്‍ കല്ലുവരമ്പ് വരെയുള്ള തോടും, തറയില്‍ ബസ് സ്റ്റാന്റ് മുതല്‍ നമ്പ്യാറപ്പടി വരെയുള്ള തോടും ആഴം വര്‍ധിപ്പിച്ച് ജലസംഭരണ ശേഷി വര്‍ധിപ്പിക്കാനായി 50 ലക്ഷം വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തും. തുടര്‍ന്നുള്ള പദ്ധതികളില്‍ ഈ തോടുകളുടെ പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കാനും പദ്ധതി തയ്യാറാക്കും. വെള്ളം പരമാവധി ഒഴുകാതെ സംരക്ഷിക്കാനായി മംഗലംകുളം, ചോലക്കുളം, പാടത്തെക്കുളം, ആഞ്ഞു ള്ളിച്ചിറ, കൈതക്കുളം, എന്നിവ നവീകരിക്കാനായി ഒരു കോടി രൂപയും, വിവിധ മേഖലയില്‍, തടയണ, കള്‍വര്‍ട്ട് മഴവെള്ളച്ചാലുകള്‍ എന്നിവ നിര്‍മ്മിക്കാനും നവീകരിക്കാനുമായി ഒരു കോടി രൂപയും പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്.

    ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടയുന്ന തരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ ശക്തമായ ബോധവല്‍ക്കരണ, ശിക്ഷാ നടപടികള്‍ സ്വീകരിക്കും. പാടശേഖരങ്ങള്‍ സംരക്ഷിക്കുകയും പരമാവധി നെല്‍ക്കൃഷിയിറക്കുകയും ചെയ്ത് ജലസംരക്ഷണം ഉറപ്പാക്കുക, നഗരസഭയിലെ എല്ലാ കെട്ടിടങ്ങളുടെയും മുകളില്‍ പെയ്യുന്ന മഴവെള്ളം അതാത് പുരയിടങ്ങളില്‍ തന്നെ റീചാര്‍ജ്ജ് ചെയ്ത് ജലസംരക്ഷണം ഉറപ്പാക്കുക വഴി വെള്ളപ്പൊക്കം തടയുക എന്നിങ്ങനെയുള്ള പദ്ധതികള്‍ക്കായി 1 കോടി, വരള്‍ച്ചാ നിവാരണ ബോധവല്‍ക്കരണം, വരള്‍ച്ചാകാലത്ത് അടിയന്തിരമായി ശുദ്ധജല വിതരണം, അടിയന്തിര പ്രളയ ദുരന്തനിവാരണ പ്രവര്‍ത്തനം, മരങ്ങള്‍ വച്ചുപിടിപ്പിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം എന്നിങ്ങനെയാണ് പദ്ധതിക്ക് കരടു രൂപം നല്‍കിയത്. ഫെബ്രുവരി 18ന് നടക്കുന്ന പദ്ധതി ആസൂത്രണ വികസന സെമിനാറില്‍ പദ്ധതി ഉള്‍പ്പെടുത്തി അന്തിമമാക്കും.

    ദുരന്തനിവാരണ വികസന സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍ രാജ് അധ്യക്ഷയായി. കൗണ്‍സിലര്‍ കിഴിശ്ശേരി വാപ്പു, മുനിസിപ്പല്‍ എന്‍ജിനീയര്‍ എന്‍ പ്രസന്നകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ദിലീപ് കുമാര്‍, ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ കെ ബാബുരാജ്, ഹെല്‍ത്ത് ഓഫിസര്‍ കെ തുളസീദാസ്, കെ സി മൊയ്തീന്‍ കുട്ടി, പി ടി ശോഭന സംസാരിച്ചു.




Tags:    

Similar News