പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ യുവാവ് ദാരുണമായി മരിക്കാനിടയായത് ഏവരെയും ഞെട്ടിച്ച വാര്‍ത്തയായിരുന്നു. ഉരുള്‍പൊട്ടല്‍ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും പോലിസിന്റെയും സഹകരണത്തോടെ മോക്ഡ്രില്‍ സംഘടിപ്പിച്ചത്.
വെള്ളത്തില്‍ വീണവരെ എങ്ങനെ രക്ഷിക്കാമെന്നുള്ള പരീക്ഷണത്തിനിടെയാണ് സേനയുടെ ആവശ്യപ്രകാരം മോക്ഡ്രില്ലില്‍ പങ്കാളിയായ നാട്ടുകാരനായ ബിനു സോമന്‍ മണിമലയാറിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നത്. അപകടത്തിന് ശേഷം രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ചകളെക്കുറിച്ചും സജ്ജീകരണങ്ങളുടെ അപര്യാപ്തതകളെക്കുറിച്ചും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാതിരുന്നതും ചര്‍ച്ചയായിരിക്കുകയാണ്.
ഈയൊരു സാഹചര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്‍ ദുരന്തമായി മാറിയതിനെക്കുറിച്ചും മരണപ്പെട്ട കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തതിനെക്കുറിച്ചും വിമര്‍ശനാത്മകമായി യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവനായിരുന്ന മുരളി തുമ്മാരുകുടി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഏറെ പ്രസക്തമാവുകയാണ്.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പ്:
ദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
രാജ്യവ്യാപകമായി ദുരന്തനിവാരണ അതോറിറ്റി നടത്തിയ ദുരന്തനിവാരണ പരിശീലനങ്ങള്‍ക്കിടക്ക് കേരളത്തില്‍ ഒരിടത്ത് നടത്തിയ മോക്ഡ്രില്‍ ദുരന്തമായി വാര്‍ത്ത വന്നിട്ട് രണ്ടുദിവസമായി. ഏറെ ആളുകള്‍ എന്നെ ടാഗ് ചെയ്യുന്നുണ്ട്. ഞാന്‍ എന്തെങ്കിലും അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ആദ്യമായി ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവമാണ്. മരിച്ച വ്യക്തിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു.
രണ്ടാമത് സര്‍ക്കാര്‍ നേരിട്ട് നടത്തിയ ഒരു പരിപാടിയില്‍ വളണ്ടിയറായി പങ്കെടുക്കുമ്പോള്‍ ഒരാള്‍ മരിച്ചാല്‍ അയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കുക എന്നതാണ് മിനിമം ചെയ്യേണ്ടത്. ഇത് വരെ അത് കണ്ടില്ല. കാണാഞ്ഞിട്ടാവണം അല്ലെങ്കില്‍ ഉടനുണ്ടാവുമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. മൂന്നാമത് ഇത്തരം ഒരു അപകടമുണ്ടായാല്‍ അതിനെപ്പറ്റി സമഗ്രമായി ഒരു അന്വേഷണം നടത്തണം. പേരിന് വേണ്ടി നടത്തുന്ന അന്വേഷണമോ, ഏതെങ്കിലും ആളുകളെ കുറ്റക്കാരാക്കാനുള്ളതോ, കുറ്റക്കാരല്ലാതെ ആക്കി തീര്‍ക്കാനുള്ളതോ ആയ അന്വേഷണം അല്ല. അന്താരാഷ്ട്രമായി ഒരാളെയും കുറ്റക്കാരന്‍ ആക്കാന്‍ ഉദ്ദേശിക്കാത്ത അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്താനുള്ള 'no blame policy' വച്ചുള്ള അന്വേഷണമാണ് വേണ്ടത്.
ദുരന്തസാധ്യതകളെപ്പറ്റി ആളുകളെ ബോധവല്‍ക്കരിക്കുക, ആളുകള്‍ക്ക് പരിശീലനം നല്‍കുക, ദുരന്തനിവാരണ സംവിധാനങ്ങള്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കുക ഇതൊക്കെയാണ് മോക്ഡ്രില്ലിന്റെ ലക്ഷ്യം. ഇത് ദുരന്തനിവാരണ രംഗത്തെ സാധാരണ രീതിയാണ്. ഓരോ പ്രദേശത്തും എന്ത് സാധ്യതകളുണ്ടെന്ന് മനസ്സിലാക്കി അതിന് അനുസരിച്ച ഒരു സെനാറിയോ ചര്‍ച്ച ചെയ്ത്, മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ഒക്കെയാണ് ഇത്തരം ഡ്രില്ലുകള്‍ നടത്തേണ്ടത്.
കേരളത്തില്‍ അനവധി ഡ്രില്ലുകള്‍ നടന്നു. അതിലൊക്കെ എന്തെങ്കിലും ഒക്കെ കുറവുകളുണ്ടായിക്കാണണം. പക്ഷെ, പത്തനംതിട്ടയില്‍ കാര്യങ്ങള്‍ ഏറെ കൈവിട്ടുപോയി. പ്ലാന്‍ ചെയ്ത പോലെ കാര്യങ്ങള്‍ നടന്നില്ല, റെസ്‌പോണ്‍സ് പ്ലാനുകള്‍ പാളി. ഒരാളുടെ നിര്‍ഭാഗ്യകരമായ മരണം സംഭവിച്ചു.
എന്താണ് സംഭവിച്ചത്, എന്തുകൊണ്ട് സംഭവിച്ചു, ഇനി അതൊഴിവാക്കാന്‍ എന്ത് ചെയ്യണം എന്ന തരത്തിലാണ് അന്വേഷണം പോവേണ്ടത്. അതിന് കുറച്ച് സമയമെടുക്കും. എങ്ങനെയായിരുന്നു പ്ലാനിങ്, എന്താണ് സംഭവിച്ചത്, റെസ്‌പോണ്‍സ് എന്തായിരുന്നു, എവിടെയാണ് പാളിച്ചകള്‍ പറ്റിയത്, ഇതൊക്കെ വിലയിരുത്തണം. ഇനി അങ്ങനെ സംഭവിക്കാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണം. ആ പാഠങ്ങള്‍ ഇത് സംഭവിച്ചിടത്ത് മാത്രമല്ല ഇന്ത്യ മുഴുവന്‍ അറിയണം.
നമ്മുടെ പൊതുരീതി അതല്ല.
ഒരു അപകടം അല്ലെങ്കില്‍ ദുഖകരമായ ഒരു സംഭവമുണ്ടായാല്‍ ഉടന്‍ ആരെയെങ്കിലും കുറ്റക്കാരായി കാണുന്ന ഒരു രീതിയാണ് നമുക്കുള്ളത്. അങ്ങനെ ചെയ്താലേ നമുക്ക് സമാധാനമാവൂ. പറ്റിയാല്‍ ഓണ്‍ ദി സ്‌പോട്ടില്‍ ഉത്തരവാദികളെന്ന് നമുക്ക് തോന്നുന്നവര്‍ക്ക് രണ്ട് അടി കൊടുക്കണം, അല്ലെങ്കില്‍ അവരെ അറസ്റ്റ് ചെയ്യണം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ സസ്‌പെന്റ് ചെയ്യണം. ഇത്രയും ചെയ്തുകഴിഞ്ഞാല്‍ നമുക്ക് സന്തോഷമായി, നമ്മള്‍ അടുത്ത വിഷയത്തിലേക്ക് പോയി.
സത്യത്തില്‍ ഇങ്ങനെ അല്ല കാര്യങ്ങളെ കാണേണ്ടത്. ഒരു അപകടമുണ്ടാവുമ്പോള്‍ അതിന് പല കാരണങ്ങളുണ്ടാവും. ആരും തന്നെ അപകടമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ല, തീര്‍ച്ചയായും അത് ആഗ്രഹിക്കുന്നുമില്ല. പക്ഷെ, അപകടങ്ങളുണ്ടാവുന്നു. മദ്യപിച്ചോ ഓവര്‍സ്പീഡിലോ ഒക്കെ വാഹനമോടിക്കുന്നത് പോലുള്ള സാഹചര്യങ്ങള്‍ മാറ്റിവച്ചാല്‍ അപകടത്തിന്റെ ഉത്തരവാദി ഒരു വ്യക്തിയല്ല, ഒരുകൂട്ടം സാഹചര്യങ്ങളാണ്. ഇതിനെ ഒരു വ്യക്തിയിലേക്ക് ചുരുക്കാനാണ് നമുക്ക് ഇഷ്ടം. അപ്പോള്‍ അയാളെ അടിക്കാം, അറസ്റ്റ് ചെയ്യാം, സസ്‌പെന്റ് ചെയ്യാം.
പക്ഷെ, ഇങ്ങനെ സംഭവിക്കുന്നതുകൊണ്ട് തന്നെ അപകടമുണ്ടായാല്‍ ഉടന്‍ അതിന്റെ യഥാര്‍ഥ കാരണം ഒളിച്ചുവയ്ക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. പ്രത്യേകിച്ചും സര്‍ക്കാര്‍ സംവിധാനത്തിലാണെങ്കില്‍ അവര്‍ പരസ്പരം സഹായിക്കും. അവസാനം തീവണ്ടിയെ ടൊര്‍ണാഡോ കൊണ്ടുപോവും. നമ്മള്‍ ഒരു പാഠവും പഠിക്കുകയുമില്ല.
ഇതാണ് ഏറ്റവും വലിയ ദുരന്തം.
എന്തൊക്കെയാണ് ഈ ദുരന്തനിവാരണ പരിശീലനത്തില്‍ നിന്നും പഠിച്ചത്?. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഏറെ കാര്യങ്ങളില്‍ പിഴവുകളുണ്ട്. വിവിധ ഏജന്‍സികള്‍ തമ്മിലുള്ള സംയോജനം മുതല്‍. എന്‍ജിന്‍ ഓടാത്ത ഡിഞ്ചിയും ഒക്കെയായിട്ടാണ് ദുരന്തനിവാരണ സേന വന്നത്, അവസാനം അതിനെ വടം കെട്ടി വലിക്കേണ്ടിവന്നു എന്നൊക്കെയാണ് വാര്‍ത്ത. ഇത്തരമൊരു സംവിധാനമാണ് ദുരന്തസമയത്ത് വരുന്നതെങ്കില്‍ ആര് ആരെയാണ് രക്ഷിക്കുന്നത്?, മരണം ഒന്നില്‍ നില്‍ക്കുമോ?
അതാണ് പ്രധാന പാഠം
എങ്ങനെയാണ് ഒരു മോക്ക് ഡ്രില്‍ ഓര്‍ഗനൈസ് ചെയ്യേണ്ടത്?
അതില്‍ എന്ത് പാളിച്ചകളുണ്ടായി
അതാണ് അടുത്ത തലത്തിലുള്ള പാഠം
ആ പാഠങ്ങള്‍ ഇന്ത്യയിലെ എല്ലാ മോക്ക് ഡ്രില്‍ ഓര്‍ഗനൈസ് ചെയ്യുന്നവരും അറിയണം. ഇനി ഒരിക്കലുമുണ്ടാവാതെ നോക്കണം. അല്ലാതെ അതിവേഗഗത്തിലുള്ള അന്വേഷണവും (വാര്‍ത്തയില്‍ പറയുന്നത് പോലെ), മൂന്നുപേരെ സംസ്ഥാന ഏജന്‍സികളും ഒരാളെ കേന്ദ്ര സേനയുമാണ് രക്ഷിക്കേണ്ടത്. മരിച്ച ആളെ കേന്ദ്രസേന ആയിരുന്നു രക്ഷിക്കേണ്ടത് എന്നൊക്കെ പരസ്പരം കുറ്റപ്പെടുത്തിയുള്ള റിപോര്‍ട്ടുകളുമുണ്ടാക്കിയത് കൊണ്ട് ഒരു ഗുണവുമുണ്ടാവില്ല.
ഇംഗ്ലീഷില്‍ CYA റിപോര്‍ട്ട് എന്ന് പറയും. ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍ മതി.
അത് വേണ്ട.
മരിച്ച ആള്‍ക്ക് വേണ്ടി നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ഈ ദുരന്തത്തില്‍ നിന്നും കുറച്ച് പാഠങ്ങള്‍ പഠിക്കുക എന്നതാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ മരണം നിരര്‍ഥകമാവില്ല.
(ഒരു കാര്യം പറയാതെ വയ്യ. ഈ അപകടം ഒരു സ്വകാര്യ ഹോം സ്‌റ്റേ ഓണര്‍ അദ്ദേഹത്തിന്റെ കടവില്‍ ഒരു മോക്ക് ഡ്രില്‍ നടത്തിയപ്പോള്‍ ആണ് ഉണ്ടായതെന്ന് കരുതുക. ഇപ്പോള്‍ ബോട്ട് ഡ്രൈവര്‍ മുതല്‍ ഹോം സ്‌റ്റേ ഓണര്‍ വരെ എല്ലാവരും അറസ്റ്റിലായിട്ടുണ്ടാവും. ഇതിപ്പോള്‍ സര്‍ക്കാര്‍ ഏജന്‍സികളായത് കൊണ്ട് ആരും ആരെയും അറസ്റ്റൊന്നും ചെയ്യുന്നില്ല. തട്ടേക്കാട് ബോട്ട് അപകടവും തേക്കടി ബോട്ട് അപകടവും കൈകാര്യം ചെയ്ത രീതി താരതമ്യം ചെയ്താല്‍ മതി. ഞാന്‍ ഈ പറയുന്ന 'no blame policiy'യുടെ ഗുണഭോക്താക്കള്‍ സര്‍ക്കാര്‍ മാത്രമാവരുത്).
ഒരിക്കല്‍ കൂടി മരിച്ച ആളുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു.
മുരളി തുമ്മാരുകുടി