കൊവിഡ് കാലത്തെ ദുരന്തനിവാരണം; കോട്ടയം ജില്ല സജ്ജമെന്ന് ഉറപ്പിച്ച് മോക് ഡ്രില്‍
മൂന്നുദിവസമായി കോട്ടയം ജില്ലയില്‍ നിലനിന്നിരുന്ന മഞ്ഞ അലര്‍ട്ട് ഓറഞ്ച് അലര്‍ട്ടായി മാറുന്നതായും മലയോരമേഖലയില്‍ ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നുമുള്ള അറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍നിന്നും രാവിലെ ഒമ്പതിന് ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്നത് മുതലുള്ള പ്രവര്‍ത്തനങ്ങളാണ് മോക് ഡ്രില്ലിന്റെ ഭാഗമായി നടന്നത്.
കോട്ടയം: കൊവിഡ് ജാഗ്രത തുടരുന്നതിനിടെ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായാല്‍ എന്തു ചെയ്യും? മുന്‍പെങ്ങുമില്ലാതിരുന്ന ഈ സാഹചര്യം നേരിടുന്നതിന് ജില്ല എത്രമാത്രം സജ്ജമാണെന്ന് കണ്ടെത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീക്കോയി പഞ്ചായത്തില്‍ നടത്തിയ മോക് ഡ്രില്‍ വിവിധ വകുപ്പുകളും സന്നദ്ധപ്രവര്‍ത്തകരും ജനപ്രതിനിധികളും തമ്മിലുള്ള കൃത്യമായ ഏകോപനം വ്യക്തമാക്കുന്നതായിരുന്നു. തീക്കോയി പഞ്ചായത്തിലെ വെള്ളികുളത്ത് മണ്ണിടിയുകയും പിന്നാലെ താഴെ ചാത്തപ്പുഴയില്‍ വെള്ളമുയരുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ സങ്കല്‍പ്പിച്ചായിരുന്നു നടപടികള്‍.
മൂന്നുദിവസമായി കോട്ടയം ജില്ലയില്‍ നിലനിന്നിരുന്ന മഞ്ഞ അലര്‍ട്ട് ഓറഞ്ച് അലര്‍ട്ടായി മാറുന്നതായും മലയോരമേഖലയില്‍ ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നുമുള്ള അറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍നിന്നും രാവിലെ ഒമ്പതിന് ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്നത് മുതലുള്ള പ്രവര്‍ത്തനങ്ങളാണ് മോക് ഡ്രില്ലിന്റെ ഭാഗമായി നടന്നത്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി പാലാ ആര്‍ഡിഒയ്ക്കും മീനച്ചില്‍ തഹസില്‍ദാര്‍ക്കും ഗ്രാമപ്പഞ്ചായത്ത് കണ്‍ട്രോള്‍ റൂമിനും അറിയിപ്പ് കൈമാറി. അതോടെ വെള്ളികുളം, ചാത്തപ്പുഴ മേഖലകളില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോം ക്വാറന്റൈനില്‍ കഴിയുന്നവരെയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയും സുരക്ഷിതകേന്ദ്രങ്ങളിലെത്തിക്കുന്നതിന് ഫയര്‍ഫോഴ്‌സും പോലിസും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് നടപടികള്‍ ആരംഭിച്ചു.
വെള്ളികുളത്തുനിന്നുള്ളവരെ തീക്കോയി സെന്റ് ആന്റണീസ് സ്‌കൂളിലേക്കും ചാത്തപ്പുഴയില്‍നിന്നുള്ളവരെ സെന്റ് മേരീസ് സ്‌കൂളിലേക്കുമാണ് മാറ്റിയത്. ഈ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍തന്നെ 9.45ന് കലക്ടറേറ്റില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തരയോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുത്തു. കോ-ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും ജില്ലാ പോലിസ് മേധാവി ജി ജയദേവും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായി. വെള്ളികുളത്ത് മണ്ണിടിച്ചിലുണ്ടായെന്ന സന്ദേശം പത്തുമണിയോടെ തീക്കോയി പഞ്ചായത്തില്‍നിന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. അതോടെ മീനച്ചില്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല ദുരന്തപ്രതികരണ സംവിധാനം സജ്ജമായി.
റവന്യൂ ഉദ്യോഗസ്ഥരും പോലിസും ഫയര്‍ഫോഴ്‌സും സന്നദ്ധസംഘടനകളും ചേര്‍ന്ന് ദുരന്തസാധ്യതാ മേഖലയിലുള്ള ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചുതുടങ്ങി. മണ്ണിടിച്ചിലിനിടയില്‍ പരിക്കേറ്റ രണ്ടുപേര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി തീക്കോയി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇവരില്‍ സാരമായി പരിക്കേറ്റ ഒരാളെ പാലാ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇതേസമയംതന്നെ ചാത്തപ്പുഴയില്‍ ജനത്തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ പോലിസ് സ്വീകരിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍, മറ്റ് രോഗലക്ഷണങ്ങളുള്ളവര്‍, 60നു മുകളില്‍ പ്രായമുള്ളവര്‍, മറ്റുള്ളവര്‍ എന്നിങ്ങനെ നാലുവിഭാഗങ്ങളിലുള്ളവര്‍ക്കുമായി ദുരിതാശ്വാസ ക്യാംപുകളില്‍ പ്രത്യേകം താമസസൗകര്യങ്ങളാണ് ക്രമീകരിച്ചത്.
ഹോം ക്വാറന്റൈനില്‍ കഴിയുന്നവരെയും രോഗലക്ഷണങ്ങളുള്ളവരെയും നേരിട്ട് മുറികളിലേക്ക് മാറ്റി. മറ്റുള്ളവരെ ദുരിതാശ്വാസ ക്യാംപിന്റെ കവാടത്തില്‍ പനി പരിശോധന നടത്തി കൈകള്‍ കഴുകിച്ച്, മാസ്‌ക് ധരിപ്പിച്ചാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. വളര്‍ത്തുമൃഗങ്ങളെയും സുരക്ഷിതസ്ഥാനങ്ങളിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ മോക് ഡ്രില്ലിന്റെ ഭാഗമായി നടന്നു. മോക് ഡ്രില്‍ നടപടികള്‍ നിരീക്ഷിക്കുന്നതിന് ദേശീയ ദുരന്തപ്രതികരണ സേനയില്‍നിന്നുള്ള (എന്‍ഡിആര്‍എഫ്) അഞ്ചുപേരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ക്യാംപുകളുടെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കോട്ടയം മെഡിക്കല്‍ കോളജിലെ സാംക്രമികരോഗ ചികില്‍സാവിഭാഗത്തില്‍നിന്നുള്ള രണ്ടുഡോക്ടര്‍മാരുമുണ്ടായിരുന്നു.
മോക് ഡ്രില്ലിനുശേഷം തീക്കോയി ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം നടപടികള്‍ അവലോകനം ചെയ്തു. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനവും സമയബന്ധിതമായ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താല്‍ മോക് ഡ്രില്‍ വന്‍ വിജയമായിരുന്നെന്ന് നിരീക്ഷകര്‍ വിലയിരുത്തി. നടപടികളില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതില്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തേണ്ടതുണ്ടെന്നും ദുരിതാശ്വാസ ക്യാംപുകളുടെ വളപ്പില്‍ ഓരോ വിഭാഗത്തില്‍പെട്ടവരെ താമസിപ്പിക്കുന്ന കേന്ദ്രങ്ങളും പെട്ടെന്ന് കണ്ടെത്താന്‍ കഴിയുന്ന രീതിയില്‍ വലിയ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.
പി സി ജോര്‍ജ് എംഎല്‍എ, ജില്ലാ കലക്ടര്‍ എം അഞ്ജന, ജില്ലാ പോലിസ് മേധാവി ജി ജയദേവ്, എഡിഎം അനില്‍ ഉമ്മന്‍, ആര്‍ഡിഒമാരായ ജോളി ജോസഫ്, എം ടി അനില്‍കുമാര്‍, തീക്കോയി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷാജന്‍ പുറപ്പന്തറ, ജില്ലാ ഫയര്‍ ഓഫിസര്‍ കെ ആര്‍ ഷിനോയ്, മീനച്ചില്‍ തഹസില്‍ദാര്‍ വി എം അഷ്‌റഫ്, ദുരന്തനിവാരണ അതോറിറ്റി കണ്‍സള്‍ട്ടന്റ് പൊന്‍മണി സുരേഷ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. റവന്യൂ, പോലിസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍ വാഹനവകുപ്പ്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും ആപ്ത മിത്ര, നക്കൂട്ടം, പാലാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടെ വളന്റിയര്‍മാരും മോക് ഡ്രിലില്‍ പങ്കാളികളായി. കൊവിഡ് പ്രതിരോധമാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങളെ നടപടികളില്‍നിന്ന് ഒഴിവാക്കിയിരുന്നു.