പ്രവാസികളോടുള്ള അവഗണനയ്‌ക്കെതിരേ മലപ്പുറം ജില്ലയില്‍ എസ്ഡിപിഐ വഞ്ചനാദിനം
പ്രവാസികള്‍ ജന്‍മനാട്ടിലേക്ക് വരുന്നത് ആഘോഷത്തിനും ഒഴിവുകാലം ചെലവഴിക്കാനുമല്ല. കൊവിഡ് 19 വ്യാപനം കാരണം ജോലിനഷ്ടപ്പെട്ടും രോഗം ബാധിച്ചുമാണ് വരുന്നത്.
മലപ്പുറം: പ്രവാസികളുടെ കേരളത്തിലേയ്ക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ എസ്ഡിപിഐ ഇന്ന് മലപ്പുറം ജില്ലയില്‍ വഞ്ചനാദിനമായി ആചരിച്ചു. പ്രവാസികള്‍ ജന്‍മനാട്ടിലേക്ക് വരുന്നത് ആഘോഷത്തിനും ഒഴിവുകാലം ചെലവഴിക്കാനുമല്ല. കൊവിഡ് 19 വ്യാപനം കാരണം ജോലിനഷ്ടപ്പെട്ടും രോഗം ബാധിച്ചുമാണ് വരുന്നത്. അവര്‍ ക്വാറന്റൈനില്‍ കഴിയേണ്ട അവസ്ഥ സംജാദമായിരിക്കുകയാണ്.
നേരത്തെ അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്നും എല്ലാ ചെലവും തങ്ങള്‍ വഹിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി, ക്വാറന്റൈന്‍ ചെലവ് പ്രവാസികള്‍ വഹിക്കണമെന്നു പറഞ്ഞതോടെ വാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയിരിക്കുകയാണ്. പിന്നീട് പാവങ്ങള്‍ നല്‍കേണ്ട, മറ്റുള്ളവര്‍ നല്‍കണമെന്നാണ് അദ്ദേഹം പറയുന്നത്. ഈ അവസ്ഥയില്‍ എങ്ങനെയാണ് അത് നിര്‍ണയിക്കുക.
പ്രവാസികളോടും അവരുടെ കുടുംബത്തോടും ചെയ്യുന്ന കൊടുംവഞ്ചനയാണിത്. ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് ജൂണ്‍ ഒന്നിന് എസ്ഡിപിഐ വഞ്ചനാദിനമായി ആചരിച്ചത്. 500 കേന്ദ്രങ്ങളില്‍ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിഷേധിച്ചത്. ബ്രാഞ്ച്, മുന്‍സിപ്പല്‍/പഞ്ചായത്ത് ഭാരവാഹികള്‍ നേതൃത്വം നല്‍കി.