ആഴ്ചകള്‍ക്ക് മുമ്പ് നടത്തിയ കോണ്‍ക്രീറ്റ് റോഡ് നിര്‍മാണത്തില്‍ അഴിമതിയെന്ന് നാട്ടുകാര്‍

Update: 2020-11-26 15:41 GMT

പരപ്പനങ്ങാടി: ആഴ്ചകള്‍ക്ക് മുമ്പ് നിര്‍മാണം നടത്തിയ കോണ്‍ക്രീറ്റ് റോഡ് പൊളിഞ്ഞുപോരുന്നത് നിര്‍മാണത്തിലെ അഴിമതിയുടെ ഭാഗമാണെന്ന് നാട്ടുകാര്‍. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 18ാം ഡിവിഷനില്‍ എരന്തപ്പെട്ടി ചുടലപ്പറമ്പ് റോഡാണ് നിര്‍മാണം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ പൊളിഞ്ഞുപോരുന്നത്.

2018-19 കാലത്ത് പാസായ റോഡ് അറ്റകുറ്റപ്പണി തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ രണ്ടുദിവസം മുമ്പാണ് ധൃതി പിടിച്ച് നടത്തിയത്. എസ്റ്റിമേറ്റും മറ്റും നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും കാണിക്കാന്‍ കൂട്ടാക്കാതെ തിരഞ്ഞെടുപ്പില്‍ വാര്‍ഡിന്റെ വികസനനേട്ടമെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടത്ര സാമഗ്രികളില്ലാതെ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നേരത്തെ ടാറിങ് നിലനിന്നിരുന്ന റോഡില്‍ കോണ്‍ക്രീറ്റ് ഇട്ടതുതന്നെ വിവാദമായിരുന്നു.

വാഹനങ്ങളും കാല്‍നടയാത്രക്കാരും ഇപ്പോള്‍ ഇതുവഴി പോവുമ്പോള്‍ ശക്തമായ പൊടികള്‍ കാരണം യാത്ര ദുരിതമാവുകയാണ്. ഈ പ്രവൃത്തി നടത്തിയ കരാറുകാരന്‍ അടക്കം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട്. നിര്‍മാണപ്രവൃത്തിയിലെ അപാകത കണ്ടെത്തി അഴിമതിക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags:    

Similar News