താനൂര്‍: താനൂരില്‍ മാതാവിനെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താനൂര്‍ മഠത്തില്‍ റോഡ് നടുവത്തി പാലത്തിനടുത്ത് സമീപം പരേതനായ കാലടി സുബ്രഹ്‌മണ്യന്റെ ഭാര്യ ബേബി എന്ന ലക്ഷ്മി (74 ) ഇവരുടെ മകള്‍ ദീപ്തി (36) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്തമകന്‍ ദീപക് താമസിക്കുന്നത് ഈ വീട്ടിലാണ്.സമീപത്ത് തന്നെ മറ്റൊരു മകന്‍ ലിജേഷ് താമസിക്കുന്നുണ്ട്. ദീപക് ജോലി ആവശ്യാര്‍ത്ഥം നിലമ്പൂരിലാണ് താമസം. ഭാര്യ രേഷ്മയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്.വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വാതില്‍ ചവിട്ടി പൊളിക്കുകയായിരുന്നു.
ദീപ്തിക്ക് സംസാരശേഷിയും സ്വന്തമായി നടക്കാന്‍ കാലിനു സ്വാധീനവും ഉണ്ടായിരുന്നില്ല.തൂങ്ങി മരിച്ച നിലയിലായിരുന്നു ലക്ഷ്മിയുടെ മൃതദേഹം മുറിയില്‍ നിന്നും കണ്ടെത്തിയത്. ഇതേ മുറിയിലെ കട്ടിലില്‍ മരിച്ച നിലയിലായിരുന്നു മകള്‍ ദീപ്തിയെ കണ്ടെത്തിയത്. പട്ടാളത്തില്‍ നിന്നും വിരമിച്ച ഭര്‍ത്താവ് സുബ്രഹ്‌മണ്യന്‍ 15 വര്‍ഷങ്ങള്‍ക്കു മുമ്പ് ബസ് അപകടത്തില്‍ മരണപ്പെട്ടിരുന്നു. താനൂര്‍ ഡിവൈഎസ്പി പയസ് ജോര്‍ജ്, സി ഐ ടോണി ജെ മറ്റം എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.നാളെ ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.