നഗരസഭാ ഓഫിസ് കോംപ്ലക്‌സ് വാരിയംകുന്നത്തിന്റെ സ്മാരകമാക്കണം; പ്രതിപക്ഷ അഭിപ്രായത്തെ സ്വാഗതംചെയ്ത് എസ്ഡിപിഐ
മഞ്ചേരി: നഗരസഭയ്ക്ക് പുതുതായി നിര്‍മിച്ച ഓഫിസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നാമം വാരിയംക്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതാക്കണമെന്നതില്‍ ചരിത്രസ്‌നേഹികള്‍ക്ക് എതിരഭിപ്രായമുണ്ടാവില്ലെന്ന് എസ്ഡിപിഐ. ഇക്കാര്യത്തിലുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം എസ്ഡിപിഐ സ്വാഗതംചെയ്തു.
സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവര്‍ക്കെതിരേ ചേക്കുട്ടി പോലിസിന്റെ തലയെടുത്ത് ചരിത്രപ്രസിദ്ധമായ പ്രഖ്യാപനം നടത്തിയ മഞ്ചേരി നാല്‍ക്കവലക്കടുത്ത് തന്നെയുള്ള പുതിയ നഗരസഭ ഓഫിസിന്റെ പേര് വാരിയംകുന്നത്തിന്റേതാക്കുന്നതില്‍ നഗരസഭാധ്യക്ഷ മുന്‍കൈയെടുക്കണം. രാജ്യതാല്‍പര്യങ്ങള്‍ക്കെതിരായ ഫാഷിസ്റ്റുകളുടെ പേടിസ്വപ്‌നമായ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലെ മുന്നണി പോരാളിയുടെ നാമധേയത്തില്‍ മഞ്ചേരിയിലെ ഒരു സ്മാരകവും നിലവിലില്ല. എന്നാല്‍, വാരിയംകുന്നത്ത് രക്തസാക്ഷിയായ മലപ്പുറത്ത് കോട്ടക്കുന്നിന് താഴെ സ്മാരകം പണിതിട്ട് കാലങ്ങളായി.
ധീരദേശാഭിമാനിയായ വാരിയംകുന്നത്തിനോടുള്ള ബഹുമാനവും ആദരവും നിലനിര്‍ത്തി പുതിയ നഗരസഭാ ഓഫിസ് കെട്ടിടത്തിന്ന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നതില്‍ ഭരണപക്ഷം നിലപാട് വ്യക്തമാക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. മുനിസിപ്പല്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് പുല്ലഞ്ചേരി, അസ്‌ലം മുളളംമ്പാറ, ലിയാക്കത്ത്, അലി അക്ബര്‍, റോഷന്‍ സംസാരിച്ചു.