സംവരണസമുദായങ്ങളുടെ മൂന്നാം മുന്നണി: വെള്ളാപ്പള്ളിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു- എസ് ഡിപിഐ
പരമ്പരാഗത രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംവരണസമുദായങ്ങളെ വഞ്ചിക്കുകയും സവര്‍ണവഭാഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കൈകോര്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള ഒരു മൂന്നാം മുന്നണി കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
തിരുവനന്തപുരം: സാമൂഹിക നീതിക്കുവേണ്ടി സാമുദായിക സംവരണത്തിനായി ഒപ്പം നില്‍ക്കുന്ന പാര്‍ട്ടികള്‍ മൂന്നാം മുന്നണി രൂപീകരിക്കണമെന്ന എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. പരമ്പരാഗത രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംവരണസമുദായങ്ങളെ വഞ്ചിക്കുകയും സവര്‍ണവിഭാഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കൈകോര്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള ഒരു മൂന്നാം മുന്നണി കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
മതേതര രാഷ്ട്രീയപ്പാര്‍ട്ടികളുടെ കരുത്തായി എന്നും നിലകൊണ്ട പിന്നാക്ക, ന്യൂനപക്ഷ, അധസ്ഥിത ജനതയെ അവഗണിച്ച് ന്യൂനപക്ഷ മേല്‍ജാതി പിന്തുണ നേടുന്നതിന് ഇടത്- വലത് മുന്നണികള്‍ മല്‍സരിക്കുകയാണ്. വിദ്യാഭ്യാസ, ഉദ്യോഗമേഖലകളില്‍ പരമാവധി 10 ശതമാനം എന്നത് പോലും മറികടന്നാണ് സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ മേല്‍ജാതി സംവരണം നടപ്പാക്കുന്നത്. സാമൂഹിക സംവരണത്തെ അട്ടിമറിക്കാന്‍ കാര്യക്ഷമതാ വാദമുന്നയിച്ചിരുന്നവര്‍ ഇപ്പോള്‍ അവസാന റാങ്കിലുള്ള മേല്‍ജാതി വിഭാഗത്തിനു പോലും സംവരണം നല്‍കുകയാണ്.
സംസ്ഥാനത്ത് കേവലം 20 ശതമാനം മാത്രമുള്ള മേല്‍ജാതികള്‍ക്ക് അനര്‍ഹമായി നല്‍കുന്നതിന് കേന്ദ്രമാനദണ്ഡം പോലും അട്ടിമറിച്ച് കോടീശ്വരന്‍മാരെ വരെ പരിധിയിലാക്കിയിരിക്കുകയാണ്. മേല്‍ജാതി സംവരണം അമിതാവേശത്തോടെ ഇടതുസര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ തങ്ങളും അതിനോടൊപ്പമാണെന്ന് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ ഇരുമുന്നണികളെയും അകറ്റിനിര്‍ത്തി സംവരണ സമുദായങ്ങള്‍ ശക്തമായ ഏകീകരണത്തിലൂടെ ഭരണഘടനാനുസൃത സാമൂഹിക സംവരണത്തിനായി രാഷ്ട്രീയമുന്നേറ്റത്തിന് തയ്യാറാവണമെന്നും മജീദ് ഫൈസി അഭ്യര്‍ഥിച്ചു.