വെള്ളാപ്പള്ളിക്കെതിരായ എസ്എന്‍ കോളജ് ഫണ്ട് തട്ടിപ്പ് കേസ്: വിചാരണ തുടരാമെന്ന് ഹൈക്കോടതി

Update: 2023-04-11 12:52 GMT

കൊച്ചി: കൊല്ലം എസ്എന്‍ കോളജ് ഫണ്ട് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടങ്ങാനും എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കാനും കൊല്ലം സിജെഎം കോടതിയോട് ഹൈക്കോടതി നിര്‍ദേശം നല്‍കി. തുടരന്വേഷണം വേണമെന്ന ആവശ്യം റദ്ദാക്കിയാണ് ഹൈക്കോടതി നടപടി. കൊല്ലം എസ്എന്‍ കോളജിന്റെ സുവര്‍ണ ജൂബിലിയുമായി ബന്ധപ്പെട്ട് ശേഖരിച്ച ഒന്നര കോടിയോളം രൂപയില്‍നിന്ന് 55 ലക്ഷം രൂപ വെള്ളാപ്പള്ളി നടേശന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു കേസ്. എന്നാല്‍ വെള്ളാപ്പള്ളിക്കെതിരേ തെളിവില്ല എന്നായിരുന്നു പോലിസ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം എസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം അന്വേഷണം നടത്തുകയും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വഞ്ചന, സാമ്പത്തിക ക്രമക്കേട് എന്നിവ ചൂണ്ടിക്കാട്ടിയാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കേസില്‍ പിന്നീട് തുടരന്വേഷണത്തിന് സിജെഎം കോടതി ഉത്തരവിട്ടു. ഈ തുടരന്വേഷണത്തിന്റെ അന്തിമ റിപോര്‍ട്ട് വെള്ളാപ്പള്ളി നടേശന് അനുകൂലമായിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിക്കെതിരായ ആദ്യ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ തുടങ്ങാമെന്നാണ് ഹൈക്കോടതി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.

Tags:    

Similar News