വെള്ളാപ്പള്ളി മൊട്ടയടിക്കേണ്ട; ആരിഫിന്റെ ജയം തന്റെ പ്രതികാരമെന്നും വിമര്‍ശനം

ആരിഫിനെ ജയിപ്പിക്കണമെന്ന പ്രത്യേക നിര്‍ദേശം യോഗം പ്രവര്‍ത്തകര്‍ക്ക് താന്‍ നല്‍കിയിരുന്നു

Update: 2019-05-24 14:50 GMT
വെള്ളാപ്പള്ളി മൊട്ടയടിക്കേണ്ട; ആരിഫിന്റെ ജയം തന്റെ പ്രതികാരമെന്നും വിമര്‍ശനം
ആലപ്പുഴ: ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ആരിഫ് തോല്‍ക്കുകയാണെങ്കില്‍ തലമൊട്ടയടിക്കുമെന്നു പറഞ്ഞ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അത് വേണ്ടിവന്നില്ല. എന്നാല്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫിന്റെ വിജയം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തോടുള്ള തന്റെ സമുദായത്തിന്റെ പ്രതികാരമാണ്. ചേര്‍ത്തലയിലെ ഈഴവരാണ് എ എം ആരിഫിനെ ജയിപ്പിച്ചത്. ആരിഫിനെ ജയിപ്പിക്കണമെന്ന പ്രത്യേക നിര്‍ദേശം യോഗം പ്രവര്‍ത്തകര്‍ക്ക് താന്‍ നല്‍കിയിരുന്നു. തന്നെ ആക്രമിച്ച ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പ്രതികാരമായിരുന്നു അത്. ഈ സുവര്‍ണാവസരം താന്‍ പ്രയോജനപ്പെടുത്തി. തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ തന്നെ തവിടുപൊടിയാക്കുമെന്ന് ചില നേതാക്കള്‍ നേരിട്ടു പറഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം സമുദായത്തെ ആക്ഷേപിക്കുകയാണ്. ബിജെപിക്കെതിരായ ന്യൂനപക്ഷ ഏകീകരണമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂലമായത്. ഈഴവരുടെ ചോരയും നീരുമാണ് ഇടതുപക്ഷത്തെ വളര്‍ത്തിയത്. എന്നാല്‍ സര്‍ക്കാര്‍ ഈഴവരോട് നീതി കാട്ടിയില്ല. സവര്‍ണരെയും സംഘടിത ന്യൂനപക്ഷ വിഭാഗത്തെയും കൂടെ നിര്‍ത്താനുള്ള നീക്കമാണു പരാജയപ്പെട്ടത്. ശബരിമല വിധി ധൃതി പിടിച്ച് നടപ്പാക്കേണ്ടിയിരുന്നില്ല. ശബരിമല വിഷയം കൈകാര്യം ചെയ്തത് ചിലരില്‍ ആശങ്കയുണ്ടാക്കി. വനിതാമതില്‍ കെട്ടിയതിന്റെ അടുത്ത ദിവസം തന്നെ പൊളിച്ചു. സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുത്തത് എല്‍ഡിഎഫിന് വോട്ട് ചെയ്യാം എന്ന ധാരണയിലല്ലെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News