സ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ എന്നും സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുതെന്നും ശുപാര്‍ശയുണ്ട്.
കൊച്ചി: ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി റിപോര്‍ട്ട്. കേരള നാട്ടാന പരിപാലന നിയമത്തിന്റെ ഭേദഗതിയിലുള്ള കരട് തയാറാക്കി വരുന്ന സാഹചര്യത്തില്‍ ആനകളുടെ കാര്യത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന കാര്യങ്ങളാണ് റിപോര്‍ട്ടിലുള്ളതെന്ന് അമിക്കസ് ക്യൂറി പറഞ്ഞു. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ എന്നും സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുതെന്നും ശുപാര്‍ശയുണ്ട്.
സംസ്ഥാനാനന്തര യാത്രകള്‍ക്കു കര്‍ശന വ്യവസ്ഥകള്‍ വേണം. യാത്രാസമയം ആനകള്‍ക്കു നല്‍കുന്ന വിശ്രമസമയമായി കണക്കാക്കരുത്. ഓരോ എഴുന്നള്ളിപ്പിനുശേഷവും 24 മണിക്കൂര്‍ വിശ്രമം കര്‍ശനമായി അനുവദിക്കണം. ആനയ്ക്ക് ആരോഗ്യമുണ്ടെന്നു യാത്ര തുടങ്ങുന്നതിനു 12 മണിക്കൂറിനുള്ളില്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. രാവിലെ 11നും വൈകിട്ട് 4നും ഇടയില്‍ ആനകളെ വാഹനങ്ങളില്‍ കൊണ്ടുപോകരുത്. രാത്രി 10നും പുലര്‍ച്ചെ 4നും ഇടയിലുള്ള യാത്രയും ഒഴിവാക്കണം. എഴുന്നുള്ളിപ്പുകള്‍ക്ക് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകള്‍ക്ക് സമീപത്ത് നിന്നും 10 മീറ്റര്‍ എങ്കിലും അകലത്തില്‍ നിര്‍ത്തണം. 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഒരു ദിവസം വാഹനങ്ങളില്‍ 100 കിലോമീറ്ററിലധികം ദൂരം ആനകളെ കൊണ്ടുപോകാന്‍ പാടില്ല. പുഷ്പവൃഷ്ടി, തലപ്പൊക്ക മത്സരം, വണങ്ങല്‍ എന്നിവ പാടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. ആനകളോടു ക്രൂരത കാട്ടുന്നുണ്ടോ എന്ന് അറിയിക്കുന്നതിന് ആരാധനാലയങ്ങളില്‍ ടോള്‍ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്.