പരപ്പനങ്ങാടി: വധശ്രമ കേസില്‍ കോടതിയില്‍ ഹാജരാവാതെ മുങ്ങിനടന്നിരുന്ന പ്രതിയെ പോലിസ് അറസ്റ്റുചെയ്തു. ഹീറോസ് നഗര്‍ പരിയന്റെ പുരയ്ക്കല്‍ വീട്ടില്‍ അര്‍ഷാദിനെയാണ് താനൂര്‍ ഡിവൈഎസ്പി മൂസാ വള്ളിക്കാടന്റെയും പരപ്പനങ്ങാടി സിഐ ഹണി കെ ദാസിന്റെയും നേതൃത്വത്തിലുള്ള പോലിസ് സംഘം ബേപ്പൂര്‍ കോസ്റ്റല്‍ പോലിസിന്റെ സഹായത്തോടെ പിടികൂടിയത്. 2018 മാര്‍ച്ചില്‍ കടലുണ്ടി നഗരം ഹീറോസ് നഗറില്‍ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന കടലുണ്ടി നഗരം പാണ്ടിവീട്ടില്‍ ഷംസുദ്ദീനെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയ 307 കേസിലെ പ്രതിയാണ് അര്‍ഷാദ്.
കോടതിയില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനാല്‍ മഞ്ചേരി സെഷന്‍സ് കോടതി ഇയാളുടെ പേരില്‍ എല്‍പി വാറന്റ് പുറപ്പെടുവിച്ചിരുന്നു. താനൂര്‍ സബ് ഡിവിഷനിലുള്ള താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി, കല്‍പകഞ്ചേരി, കാടാമ്പുഴ എന്നീ സ്റ്റേഷനുകളില്‍ നിലവില്‍ 500 ല്‍പരം തീര്‍പ്പാക്കാത്ത കേസുകളും 700 ഓളം വാറന്റുകളും നിലവിലുണ്ട്. കേസുകളില്‍ ഹാജരാവാതെ മുങ്ങിനടക്കുന്ന പ്രതികളെ അറസ്റ്റ് ചെയ്ത് കോടതികളില്‍ ഹാജരാക്കുന്നതിനായാണ് അഞ്ച് പോലിസുകാര്‍ ഉള്‍പ്പെടുന്ന സംഘത്തെ നിയോഗിച്ചിരിക്കുന്നത്. പോലിസുകാരായ സബറുദ്ദീന്‍, ആല്‍ബിന്‍, ജിനേഷ്, വിവിന്‍, അഭിമന്യു എന്നിവരാണ് സംഘത്തിലുള്ളത്.