ഇമ്രാന്‍ ഖാനെ വധിക്കാന്‍ ശ്രമം: മുഖ്യപ്രതിയെ വിട്ടയക്കണമെന്ന് ഹരജി

Update: 2022-11-09 03:08 GMT

ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ വധശ്രമത്തില്‍ അറസ്റ്റിലായ പ്രതിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ ഹരജി. പഞ്ചാബ് പ്രവേശ്യാ പോലിസ് തടവിലാക്കിയിരിക്കുന്ന നവീദ് മുഹമ്മദ് ബഷീര്‍ എന്നയാളെ വിടണമെന്നാണ് ഹരജിയിലെ ആവശ്യം. ഇയാളെ അന്യായമായി പോലിസ് തടവിലാക്കിയിരിക്കുകയാണെന്നും ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. ഇമ്രാനെതിരായ വധശ്രമത്തില്‍ ചൊവ്വാഴ്ചയാണ് പഞ്ചാബ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വധശ്രമമുണ്ടായിട്ടും കേസെടുക്കാത്തതിന് പാകിസ്താനില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സംഭവത്തില്‍ 24 മണിക്കൂറിനുള്ളില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നു സുപ്രിംകോടതി പോലിസിനു നിര്‍ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു പോലിസിന്റെ ഇടപെടല്‍. വധശ്രമമുണ്ടായി ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു നടപടി. നവീദിനെ മുഖ്യപ്രതിയാക്കിയാണ് എഫ്‌ഐആര്‍.

അതേസമയം, വധശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് ഇമ്രാന്‍ ആരോപിക്കുന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ്, ആഭ്യന്തരമന്ത്രി റാണ സനാവുല്ല, മേജര്‍ ജനറല്‍ ഫൈസല്‍ നസീര്‍ എന്നിവരെക്കുറിച്ച് എഫ്‌ഐആറില്‍ പരാമര്‍ശമില്ല. ബഷീറിന്റെ കുറ്റസമ്മത വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇമ്രാന്‍ ഖാന്‍ ജനങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നതിനാലാണ് കൊലചെയ്യാന്‍ ശ്രമിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദില്‍ മാര്‍ച്ചിന് നേതൃത്വം നല്‍കുന്നതിനിടെ 70കാരനായ ഇമ്രാന്‍ ഖാന് വലതുകാലിന് വെടിയേല്‍ക്കുന്നത്.

Tags:    

Similar News