അറസ്റ്റ് അസാധു; ഇംറാന്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് പാക് സുപ്രിം കോടതി

Update: 2023-05-11 14:08 GMT

ഇസ് ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ അറസ്റ്റ് അസാധുവാണെന്ന് പാകിസ്ഥാന്‍ സുപ്രിം കോടതിയുടെ ഉത്തരവ്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇംറാന്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്നും ഉത്തരവിട്ടു. കോടതിക്കുള്ളില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്യരുതെന്നും നിര്‍ദേശിച്ച സുപ്രിം കോടതി അനുയായികളെ നിയന്ത്രിക്കണമെന്ന് ഇംറാനോട് ആവശ്യപ്പെടുകയും ചെയ്തു. പാകിസ്താന്‍ തെഹരീകെ ഇന്‍സാഫ്(പിടിഐ) തലവനും മുന്‍ പ്രധാനമന്ത്രിയുമായ ഇംറാന്‍ ഖാനെ ചൊവ്വാഴ്ച ഇസ് ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് നിന്ന് പാകിസ്‌കാന്‍ റേഞ്ചേഴ്‌സ് അറസ്റ്റ് ചെയ്തത്. അല്‍ ഖാദിര്‍ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നായിരുന്നു വിശദീകരണം. മെയ് ഒന്നിന് റാവല്‍പിണ്ടിയിലെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) ഇംറാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിനു പിന്നാലെ ഇംറാന്‍ ഖാന്റെ അനുയായികള്‍ തെരുവിലിറങ്ങുകയും റാവല്‍പിണ്ടിയിലെ പാക് സൈനിക ആസ്ഥാനത്തും ലാഹോറിലെ സൈനിക കമാന്‍ഡറുടെ വസതിയിലും അതിക്രമിച്ചു കയറുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് വ്യാപകമായി തീയിടുകയും ചെയ്തിരുന്നു. ഇതിനിടെ, ഇംറാന്‍ ഖാന്റെ അറസ്റ്റിനെ പിന്തുണച്ച ഇസ് ലാമാബാദ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി ബുധനാഴ്ച സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. ഹരജി പരിഗണിച്ച സുപ്രിംകോടതി ഒരു മണിക്കൂറിനകം ഇംറാന്‍ ഖാനെ കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

Tags:    

Similar News