അവിശ്വാസപ്രമേയത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നടപടി തെറ്റ്; പാക് സുപ്രിംകോടതി
ഇസ് ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം തള്ളിയ പാകിസ്താന്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയുടെ നടപടി തെറ്റാണെന്ന് പാക് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഉമര്‍ അത് ബാന്‍ഡിയാല്‍ കേസ് വിധിപറയാന്‍ മാറ്റിവച്ചിരിക്കുകയാണ്. നാളെയോ അതിനുശേഷമോ വിധി പുറപ്പെടുവിച്ചേക്കും.
സുപ്രിംകോടതി വിധി പുറപ്പെടുവിച്ചാല്‍ അടുത്ത നടപടിയെന്താണെന്നായിരിക്കും അടുത്തതായി ഉയരാന്‍ പോകുന്ന ചോദ്യമെന്ന് പാക് പത്രമായ ഡോണ്‍ എഴുതുന്നു. ദേശീയ താല്‍പര്യം പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് ബാന്‍ഡിയല്‍, ജസ്റ്റിസ് മുനീബ് അക്തര്‍, ജസ്റ്റിസ് ഐജാസുല്‍ അഹ്‌സന്‍, ജസ്റ്റിസ് മസര്‍ ആലം, ജസ്റ്റിസ് ജമാല്‍ ഖാന്‍ മണ്ടോഖേല്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ചിലാണ് കേസ് ഇപ്പോഴുള്ളത്.
വിധി പുറപ്പെടുവിക്കും മുമ്പ് സുപ്രിംകോടതിയ്ക്കു ചുറ്റും സുരക്ഷാസേന നിലയുറപ്പിച്ചിരുന്നു.
പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പ്രധാനമന്ത്രിക്കുണ്ടെന്നാണ് അറ്റോര്‍ണി ജനറല്‍ ഖാലിദ് ജാവേദ് ഖാന്‍ വാദിച്ചിരുന്നത്.
അവിശ്വാസ പ്രമേയം തള്ളിയതായി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയാണ് പ്രഖ്യാപിച്ചതെങ്കിലും സ്പീക്കര്‍ അസദ് ഖൈസര്‍ താഴെ ഒപ്പിച്ചിരുന്നുവെന്ന് വാദം കേള്‍ക്കുന്നതിനിടയില്‍ ജസ്റ്റിസ് ജമാല്‍ ഖാന്‍ മണ്ടോഖേല്‍ പറഞ്ഞു. കോടതിയില്‍ സമര്‍പ്പിച്ച പാര്‍ലമെന്ററി സമിതി യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഹാജരായിട്ടുണ്ടോയെന്ന് തെളിയിക്കുന്നില്ലെന്നും ജഡ്ജി പറഞ്ഞു.
ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം തള്ളിയ ശേഷം പ്രസിഡന്റ് ആരിഫ് അല്‍വി പാര്‍ലമെന്റ് പിരിച്ചുവിട്ടത് പാകിസ്താനില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.