പാക് സുപ്രിംകോടതിയുടെ ഇടപെടല്‍: വെള്ളിയാഴ്ച മന്ത്രിസഭായോഗം വിളിച്ച് ഇമ്രാന്‍ ഖാന്‍
ഇസ് ലാമാബാദ്: പാകിസ്താന്‍ സുപ്രിംകോടതി പാര്‍ലമെന്റ് പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മന്ത്രിസഭായോഗം വിളിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ പങ്കെടുക്കേണ്ട എല്ലാവര്‍ക്കും കത്തയച്ചിട്ടുണ്ട്. ഇന്നാണ് യോഗം നടക്കുക. അതിനുശേഷം അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
'ഞാന്‍ നാളെ ഒരു കാബിനറ്റ് യോഗവും പാര്‍ലമെന്ററി യോഗവും വിളിച്ചിട്ടുണ്ട്. നാളെ വൈകുന്നേരം ഞാന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. ഞാന്‍ എപ്പോഴും പാകിസ്താനുവേണ്ടി അവസാന പന്ത് വരെ പോരാടും- ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.
അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ ആവശ്യം ഡെപ്യൂട്ടി സ്പീക്കറാണ് തള്ളിയത്. തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. പ്രതിപക്ഷം സുപ്രിംകോടതിയെ സമീപിച്ചു. കോടതിയാണ് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനം റദ്ദാക്കിയത്. പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു ഇമ്രാന്‍ഖാന്റെ പദ്ധതി. അതാണ് കോടതി ഇടപെടലിലൂടെ തകര്‍ന്നത്.