തൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന് അജിത്കുമാറിന്റെ അന്വേഷണ റിപോര്‍ട്ട്;ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ പേരുകളും റിപോര്‍ട്ടില്‍

Update: 2024-12-23 02:01 GMT

തിരുവനന്തപുരം: തൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് എഡിജിപി എം ആര്‍ അജിത്കുമാറിന്റെ അന്വേഷണ റിപോര്‍ട്ട്. ഏതു പാര്‍ട്ടിയാണ് നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും ബിജെപിയുടെ ഒരു സംസ്ഥാന വൈസ് പ്രസിഡന്റ്, ആര്‍എസ്എസ്സിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാവ് എന്നിവരുടെ പേരുകള്‍ മൊഴിയുടെ രൂപത്തില്‍ അനുബന്ധമായി റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബറിലാണ് അജിത്കുമാര്‍ റിപോര്‍ട്ട് ഡിജിപിക്ക് നല്‍കിയിരുന്നത്.

നിയമവിരുദ്ധമായ ആവശ്യങ്ങളുന്നയിച്ചു തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നും തല്‍പരകക്ഷികളുമായി ഗൂഢാലോചന നടത്തി ഉത്സവം അട്ടിമറിച്ചെന്നുമാണ് കണ്ടെത്തല്‍. നിയമവിരുദ്ധമായ ആവശ്യങ്ങള്‍ അനുവദിക്കാതിരുന്നാല്‍ പൂരം അട്ടിമറിക്കണമെന്ന തീരുമാനം നേരത്തേ തന്നെ അവര്‍ എടുത്തതാണെന്നും റിപോര്‍ട്ട് പറയുന്നു.

ചെറിയ വിഷയങ്ങള്‍ ഊതിപ്പെരുപ്പിച്ചും പൂരം പൂര്‍ത്തിയാകാതിരിക്കാനുള്ള ശ്രമം നടത്തി. പൂരം നിര്‍ത്തിവയ്പിച്ചു സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനുമെതിരെ വികാരം സൃഷ്ടിക്കാന്‍ ശ്രമിച്ചു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളും തല്‍പര കക്ഷികളും ചേര്‍ന്നു സ്ഥാപിത താല്‍പര്യത്തിനായി പൂരം അട്ടിമറിച്ചതു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തല്‍പര കക്ഷികള്‍ ഉപയോഗിച്ചുവെന്നും റിപോര്‍ട്ട് പറയുന്നു.

Similar News