ബംഗ്ലാദേശിലെ 'കാണാതാവലുകളില്‍' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി അന്വേഷണ കമ്മീഷന്‍
ഹസീനയുടെ കാലത്ത് പോലിസ് തട്ടിക്കൊണ്ടുപോയ ചിലര്‍ ഇപ്പോള്‍ ഇന്ത്യയിലാണ് ഉള്ളതെന്ന് സൂചനയുണ്ടെന്നും കമ്മീഷന്‍ പറയുന്നു.
ധാക്ക: ശെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബംഗ്ലാദേശില്‍ നടന്ന 'ആളുകളെ കാണാതാവലുകളില്‍' ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് അന്വേഷണ കമ്മീഷന്‍. വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് ഹസീന രാജ്യംവിട്ട ശേഷം രൂപീകരിച്ച ഇടക്കാല സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മീഷനാണ് ഇങ്ങനെ ആരോപിക്കുന്നത്. ബംഗ്ലാദേശ് സുപ്രിംകോടതിയിലെ വിരമിച്ച ജഡ്ജി ഫാരിദ് അഹമദ് ശിബിലിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കമ്മീഷനാണ് വിഷയത്തില്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഹസീനയുടെ കാലത്ത് പോലിസ് തട്ടിക്കൊണ്ടുപോയ ചിലര്‍ ഇപ്പോള്‍ ഇന്ത്യയിലാണ് ഉള്ളതെന്ന് സൂചനയുണ്ടെന്നും കമ്മീഷന്‍ പറയുന്നു.
ഇവരെ തിരികെ കൊണ്ടുവരുന്ന കാര്യം തങ്ങളുടെ അധികാരപരിധിക്ക് പുറത്തുവരുന്ന കാര്യമായതിനാല്‍ വിദേശകാര്യമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും ശ്രമിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ബംഗ്ലാദേശ് സുപ്രിംകോടതി പരിസരത്ത് നിന്ന് പോലിസ് പിടികൂടിയ സുഖ്‌രഞ്ജന്‍ ബാലി ഇപ്പോള്‍ ഇന്ത്യയില്‍ ആണുള്ളതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
1971ലെ യുദ്ധകാലത്ത് ഇയാളുടെ സഹോദരന്‍ കൊല്ലപ്പെട്ടിരുന്നു. ജമാഅത്തെ ഇസ്‌ലാമി നേതാവ് ദെല്‍വര്‍ ഹുസൈന്‍ സയീദിയാണ് കൊലക്ക് പിന്നിലെന്നാണ് മുമ്പ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. എന്നാല്‍, കേസില്‍ മൊഴി നല്‍കാന്‍ വരുമ്പോഴാണ് ഹസീനയുടെ പോലിസ് 2012ല്‍ ഇയാളെ പിടികൂടിയത്. സയീദിയല്ല കൊല നടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കാന്‍ ഇരിക്കുകയായിരുന്നു എന്നു റിപോര്‍ട്ടുകള്‍ പറയുന്നു. ബംഗ്ലാദേശില്‍ കാണാതായ ശേഷം പിന്നെ ഇന്ത്യയിലെ പശ്ചിമബംഗാളിലെ ഡെറാഡൂണ്‍ ജയിലില്‍ ആണ് ഇയാളെ കണ്ടെത്തിയത്. ആഴ്ച്ചകളോളം ബംഗ്ലാദേശി പോലിസ് കസ്റ്റഡിയില്‍ വെച്ച ഇയാളെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് തള്ളിവിടുകയായിരുന്നു എന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. നിയമവിരുദ്ധമായി ഇന്ത്യയില്‍ എത്തിയതിനാണ് ഇന്ത്യയിലെ അതിര്‍ത്തിരക്ഷാസേന ഇയാളെ പിടികൂടിയത്.
സുഖ്‌രഞ്ജന്‍ ബാലി
ഹസീനയുടെ കാലത്ത് 3,500 പേരെ കാണാതായെന്നാണ് അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ട് പറയുന്നത്. പ്രതിരോധമന്ത്രിയായിരുന്ന താരിഖ് അഹമ്മദ് സിദ്ദീഖിന് ഇതില്‍ പങ്കുണ്ട്. സൈന്യത്തില്‍ നിന്നും പോലിസില്‍ നിന്നുമെല്ലാം അംഗങ്ങളെ കൊണ്ടുവന്ന് രൂപീകരിച്ച ആര്‍എബി എന്ന പ്രത്യേകസേന ആളുകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.