സര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല'; വിമര്‍ശനവുമായി സുപ്രിംകോടതി
ന്യൂഡല്‍ഹി: പി എസ് സി റാങ്ക് പട്ടിക വിപുലീകരിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം തള്ളിയ പി എസ് സിക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശം തള്ളാന്‍ പി.എസ്.സിക്ക് അധികാരമില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം നിരാകരിക്കുന്നത് അധികാരപരിധി കടക്കുന്നതിന് തുല്യമാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. പി എസ് സിയുടെ സ്വയംഭരണ അധികാരം ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതില്‍ മാത്രമാണ്. ഒഴിവുകളുടെ എണ്ണം നിര്‍ണയിക്കുന്നതും റാങ്ക് പട്ടിക വിപുലീകരിക്കുന്നതും ഉള്‍പ്പടെയുള്ള അധികാരം തൊഴില്‍ദാതാവായ സംസ്ഥാന സര്‍ക്കാരിന്റേതാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.
വിവിധ ജില്ലകളിലെ മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് പട്ടിക വിപുലീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം പിഎസ്‌സി തള്ളിയിരുന്നു. ഇതിനെതിരായ ഹരജിയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് സുപ്രിംകോടതി വിമര്‍നം. ഒഴിവുകള്‍ വിജ്ഞാപനം ചെയ്യുന്നതും, ജോലിയുടെ ഭരണപരമായ ആവശ്യത്തിന് അനുസരിച്ച് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും സര്‍ക്കാരിന്റെ അധികാരമാണ്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡത്തിന് അനുസരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തി റാങ്ക് പട്ടിക തയ്യാറാക്കല്‍ മാത്രമാണ് പിഎസ്‌സിയുടെ ചുമതലയെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
തൊഴില്‍ദാതാവ് എന്ന നിലയില്‍ എത്ര ജീവനക്കാരെയാണ് ആവശ്യമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അധികാരത്തിലേക്ക് പി.എസ്.സി കടന്ന് കയറുന്നത് ശരിയല്ല. കൂടുതല്‍ ജീവനക്കാരെ ആവശ്യമുണ്ടെന്ന് മനസിലാക്കി റാങ്ക് പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് അംഗീകരിക്കാന്‍ പി എസ്‌സിക്ക് ബാധ്യതയുണ്ട്. ആ നിര്‍ദേശം നിരാകരിക്കുന്നത് അധികാര പരിധി കടക്കുന്നതിന് തുല്യമാണെന്നും സുപ്രിംകോടതി ഉത്തരവില്‍ വിശദീകരിക്കുന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 നിയമനത്തിന് 2014 പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം തിരഞ്ഞെടുപ്പ് പ്രക്രിയ അനന്തമായി നീണ്ടുപോയെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. റാങ്ക് ലിസ്റ്റ് 2020 ല്‍ പ്രസിദ്ധീകരിക്കുമ്പോഴേക്കും ഒരുപാട് പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ സര്‍ക്കാരിന് റാങ്ക് പട്ടിക വിപുലീകരിക്കമെന്ന് നിര്‍ദേശം നല്‍കാന്‍ അധികാരമുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കുമെന്നും സുപ്രീംകോടതി വ്യകത്മാക്കിയിട്ടുണ്ട്. ഹര്‍ജിക്കാര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ നിഖില്‍ ഗോയല്‍, അഭിഭാഷകരായ ഹാരിസ് ബീരാന്‍, അസര്‍ അസീസ്, ആനന്ദ് ബി മേനോന്‍ എന്നിവരാണ് ഹാജരായത്.