അവഗണന നേരിട്ട് നിലമ്പൂര്‍- ഷൊര്‍ണൂര്‍ റെയില്‍വേ പാത; സര്‍വീസ് നടത്തുന്നത് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ മാത്രം

Update: 2021-10-20 06:44 GMT

പെരിന്തല്‍മണ്ണ: കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍ പുനസ്ഥാപിച്ചിട്ടും നിലമ്പൂര്‍- ഷൊര്‍ണൂര്‍ റെയില്‍വേ പാതയോട് അവഗണന തുടരുന്നു. രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ മാത്രമാണ് നിലമ്പൂര്‍- ഷൊര്‍ണൂര്‍ റെയില്‍വേ പാതയില്‍ സര്‍വീസ് നടത്തുന്നത്. മറ്റു പാതകളിലെല്ലാം നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകളേറെയും പുനസ്ഥാപിച്ചപ്പോള്‍ ഈ റൂട്ടില്‍ രാജ്യറാണി ഉള്‍പ്പടെ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുക. നിലമ്പൂര്‍, ഷൊര്‍ണൂര്‍ ഭാഗങ്ങളിലേക്കായി 14 ട്രെയിന്‍ സര്‍വീസുകളാണ് കൊവിഡ് കാലത്തിന് മുമ്പുണ്ടായിരുന്നത്. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകള്‍ക്കാവട്ടെ നിലമ്പൂരിനും ഷൊര്‍ണൂരിനും ഇടയ്ക്ക് അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

സ്ഥിരം യാത്രക്കാരായ വിദ്യാര്‍ഥികള്‍, രോഗികള്‍, സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി ആയിരക്കണക്കിന് യാത്രക്കാരായിരുന്നു ദിവസവും ഈ റൂട്ടില്‍ യാത്രക്കാരായുണ്ടായിരുന്നത്. 261 ദിവസത്തിന് ശേഷം കൊച്ചുവേളി സ്‌പെഷല്‍ എക്‌സ്പ്രസ് പുനസ്ഥാപിച്ചപ്പോഴും പകല്‍ യാത്രാ ട്രെയിനുകള്‍ ഒന്നുംതന്നെ റൂട്ടില്‍ അനുവദിച്ചിരുന്നില്ല. ജീവനക്കാരുടെ കുറവായിരുന്നു കാരണമായി പറഞ്ഞിരുന്നത്. കഴിഞ്ഞ 8ന് കോട്ടയം സ്‌പെഷല്‍ സര്‍വീസ് ആരംഭിച്ചെങ്കിലും വിവിധ സ്റ്റേഷനുകളില്‍ സ്റ്റോപ്പില്ലാത്തതു മൂലം യാത്രക്കാര്‍ക്ക് കാര്യമായ ഉപയോഗം ലഭിക്കുന്നില്ല. നിലവിലെ രണ്ട് ട്രെയിനുകളും പഴയത് പുനസ്ഥാപിക്കുകയല്ല, മറിച്ച് സ്‌പെഷ്യല്‍ ട്രെയിനുകളായാണ് സര്‍വീസ് നടത്തുന്നത്.

പ്രശ്‌നത്തില്‍ സതേണ്‍ റെയില്‍വേയിലെ ഏറ്റവും വലിയ സേവനകൂട്ടായ്മയായ ടെയിന്‍ ടൈം അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. റെയില്‍വേയുടെ ചുമതലയുള്ള സംസ്ഥാനമന്ത്രിയെയും പാലക്കാട് ഡിവിഷന്‍ റെയില്‍വേ മാനേജരെയും ട്രെയിന്‍ ടൈം പ്രതിനിധികളായ സലിം ചുങ്കത്ത്, സി പി സൈനുല്‍ ആബിദ് എന്നിവര്‍ നേരില്‍കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. അതിനിടെ, പാലക്കാട്- നിലമ്പൂര്‍ ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിക്കാനുള്ള നടപടികളെല്ലാം അധികൃതര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം റെയില്‍വേ ഈ പാതയിലെ ഏഴ് സ്‌പെഷ്യല്‍ ട്രെയിനുകളുടെ ട്രയല്‍ ഷെഡ്യൂള്‍ പുറത്തിറക്കിയിരുന്നു.

Tags:    

Similar News