ആര്‍മിയില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടി; യുവാവ് അറസ്റ്റില്‍
അരീക്കോട്: ആര്‍മിയില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റിലായി. പെരിന്തല്‍മണ്ണ ആനമങ്ങാട് ചെത്തനാംകുറുശി നോട്ടത്ത് ശ്രീരാഗ് (22) ആണ് അറസ്റ്റിലായത്. കിഴുപറമ്പ് കുനിയില്‍ കുറുമാടന്‍ ഷഹീന്‍ ഖാനില്‍ നിന്നാണ് തുക തട്ടിയത്.
ആര്‍മിയില്‍ ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് രേഖകള്‍ ശ്രീരാഗ് കൈപ്പറ്റിയതായി അറസ്റ്റ് രേഖപ്പെടുത്തിയ അരീക്കോട് സ്റ്റേഷന്‍ ഓഫിസര്‍ ലൈജുമോന്‍ പറഞ്ഞു. ആര്‍മിയുടെ സീലും മറ്റു രേഖകളും വ്യാജമായി നിര്‍മിച്ചായിരുന്നു തട്ടിപ്പ്. 2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തട്ടിപ്പിനുശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതിക്കായി പോലിസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.
വിദേശത്തുനിന്നും വരവെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ച ശ്രീരാഗിനെ അരീക്കോട് പോലിസിന് കൈമാറുകയായിരുന്നു. പ്രതിയുടെ അയല്‍വാസിയും ഇന്തോനേസ്യയില്‍ താമസക്കാരനുമായ മുഹമ്മദ് ഫൈസലുമായി കൂട്ടുകൂടി സംസ്ഥാനത്ത് സമാനമായ കേസുകള്‍ നടത്തിയതായി പോലിസ് പറഞ്ഞു. അത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മാമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.