ഹമാസ് ആക്രമണത്തില്‍ ഒരൊറ്റ ദിവസം കൊല്ലപ്പെട്ടത് 24 ഇസ്രയേല്‍ സൈനികര്‍; ഇതുവരെയുണ്ടായ ഏറ്റവും വലിയ ആള്‍നാശമെന്ന് ഐഡിഎഫ്‌

തകര്‍ക്കാനായി ഇസ്രയേല്‍ സൈന്യം ബോംബുകള്‍ സ്ഥാപിച്ച രണ്ട് കെട്ടിടങ്ങളില്‍ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍ ഉപയോഗിച്ച് ഹമാസ് നടത്തിയ ആക്രമണത്തിലാണ് 21 ഇസ്രയേലി സൈനികര്‍ മരിച്ചത്.

Update: 2024-01-24 06:19 GMT

ഗസ: തിങ്കളാഴ്ചയുണ്ടായ ആക്രമണങ്ങളില്‍ 24 തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അറിയിച്ചു. കരയുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്രയധികം സൈനികര്‍ ഒരൊറ്റ ദിവസം കൊല്ലപ്പെടുന്നതെന്നും ഇസ്രയേല്‍ പ്രതിരോധ സേനാ വക്താവ് പറഞ്ഞു. ഒരു കെട്ടിടത്തില്‍ ഹമാസ് നടത്തിയ സ്‌ഫോടനത്തില്‍ 21 പേരും മറ്റൊരു ആക്രമണത്തില്‍ മൂന്ന് പേരുമാണ് മരിച്ചത്. അതേസമയം 195 പലസ്തീനികളെ ഒരൊറ്റ ദിവസം ഇസ്രയേല്‍ കൊന്നൊടുക്കിയതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തകര്‍ക്കാനായി ഇസ്രയേല്‍ സൈന്യം ബോംബുകള്‍ സ്ഥാപിച്ച രണ്ട് കെട്ടിടങ്ങളില്‍ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍ ഉപയോഗിച്ച് ഹമാസ് നടത്തിയ ആക്രമണത്തിലാണ് 21 ഇസ്രയേലി സൈനികര്‍ മരിച്ചത്. സൈനികര്‍ കെട്ടിടത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ ഹമാസ് ആക്രമണത്തില്‍ അവ തകര്‍ന്നുവീഴുകയായിരുന്നു എന്നും എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ തങ്ങള്‍ അന്വേഷണം നടത്തുകയാണെന്നും ഇസ്രയേലി സേനാ വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. ദക്ഷിണ ഗാസയില്‍ ഇസ്രയേലി ടാങ്കിന് നേരെയും ഹമാസ് ഗ്രനേഡ് ആക്രമണം നടത്തി.

    അതേസമയം ഗാസയിലെ ഖാന്‍ യൂനിസ് വളഞ്ഞ ഇസ്രയേല്‍ സൈന്യം ശക്തമായ കര, നാവിക, വ്യോമ ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഖാന്‍ യൂനിസിലെ ഒരു ആശുപത്രിയില്‍ ഇരച്ചുകയറിയ ഇസ്രയേല്‍ സേനാംഗങ്ങള്‍ ആശുപത്രി ജീവനക്കാരെ പിടികൂടിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം വക്താവ് ആഷ്‌റഫ് അല്‍ ഖിദ്‌റ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രയേല്‍ സൈനിക വക്താവ് പ്രതികരിച്ചിട്ടില്ല. ഖാന്‍ യൂനിസില്‍ ഞായറാഴ്ച മാത്രം അന്‍പതോളം പേരെ ഇസ്രയേല്‍ കൊലപ്പെടുത്തിയതായും അല്‍ ഖിദ്‌റ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത തരത്തില്‍ നിരവധിപ്പേര്‍ ആശുപത്രികള്‍ക്കുള്ളില്‍ മരിച്ചിട്ടുണ്ടെന്നും അവിടങ്ങളില്‍ മുറിവേറ്റ ഒട്ടേറെ പേരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    നിരപരാധികളായ പലസ്തീനികളെയും ആരോഗ്യ പ്രവര്‍ത്തകരെയും സംരക്ഷിക്കണമെന്ന് അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുള്ളപ്പോള്‍ തന്നെ, ആശുപത്രികളിലെ നിരപരാധികളായ ജനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും സംരക്ഷിച്ചുകൊണ്ട്, അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി അത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

Tags:    

Similar News