പത്തനാപുരം- തേക്കിന്‍ചുവട് റോഡ് ഗതാഗതയോഗ്യമാക്കണം: എസ്ഡിപിഐ

Update: 2022-01-23 13:40 GMT

അരീക്കോട്: എടവണ്ണ- കൊയിലാണ്ടി- മഞ്ചേരി സംസ്ഥാന പാതയിലെ പത്തനാപുരം പള്ളിപ്പടി മുതല്‍ തേക്കിന്‍ചുവട് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഇതുവരെയും പരിഹാരമായില്ല. റോഡ് വീതികൂട്ടുന്ന പുനര്‍നിര്‍മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോഴും പള്ളിപ്പടി മുതല്‍ തേക്കിന്‍ചുവട് വരെയുള്ള ഭാഗങ്ങളില്‍ മുമ്പുണ്ടായിരുന്ന റോഡ് കിളച്ചുമറിച്ച അവസ്ഥയില്‍തന്നെ കിടക്കുകയാണ്. മുമ്പ് യാത്രക്കാര്‍ക്ക് ഇത്രത്തോളം ദുരിതമനുഭവിക്കേണ്ടിവരുമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

റോഡ് വീതി കൂട്ടുന്നതിന് ഭൂമി വിട്ടുനല്‍കാന്‍ നാട്ടുകാര്‍ തയ്യാറാവാത്തതാണ് പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണമെന്നാണ് പ്രചാരണം. അത് വസ്തുതകളെ വളച്ചൊടിക്കാനുള്ള പ്രചരണം മാത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് വീതികൂട്ടുന്നതിനായി നേരത്തെ 21 കോടി രൂപയുടെ ഫണ്ട് അനുവദിച്ചത് ഫലപ്രദമായി ഉപയോഗിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാത്തത് മറയ്ക്കാന്‍ വേണ്ടിയാണ് ഈ പ്രചരണം. സ്ഥലമുടമകള്‍ വിട്ടുനല്‍കുന്ന ഭൂമിക്ക് മതിയായ നഷ്ടപരിഹാരം കൊടുത്താല്‍ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നം മാത്രമേ ഉള്ളൂ.

റോഡ് നിര്‍മാണം നീണ്ടുപോവുന്നത് ജനപ്രധിനിധികളുടെ അലംഭാവമാണ്. പി കെ ബഷീര്‍ എംഎല്‍എ ഇടപെട്ട് പരിഹരിക്കാന്‍ തയ്യാറാവണെന്നും ഇത് നീട്ടിക്കൊണ്ടുപോവരുതെന്നും എസ്ഡിപിഐ കിഴുപറമ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ കെ ഷാഹുല്‍ ഹമീദ് പറഞ്ഞു. റോഡ് ഗതാഗതയോഗ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവാതിരുന്നാല്‍ എസ്ഡിപിഐ പ്രതിഷേധ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സെക്രട്ടറി ഉബൈദ് തൃക്കളയൂര്‍, എം കെ റഫീഖ്, ഉബൈദ് തേക്കിന്‍ ചുവട്, കെ സി റഹിം, ഷുക്കൂര്‍ കീഴുപറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News