മുന്‍സിപ്പല്‍ സ്റ്റേഡിയം ആര്‍എസ്എസിന് വിട്ട് നല്‍കിയതിനെതിരേ പ്രതിഷേധം
കൊടിഞ്ഞി ഫൈസല്‍ കൊലക്കേസിലെയും സിപിഎം പ്രവര്‍ത്തകനായ കൃഷ്ണദാസിനെ ആക്രമിച്ച കേസിലെയും പ്രതികള്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു
പരപ്പനങ്ങാടി: നഹാസാഹിബ് സ്റ്റേഡിയം ആര്‍എസ്എസ് ആയുധപരിശീലനത്തിന് വിട്ട് നല്‍കിയ മുന്‍സിപ്പാലിറ്റിയുടെ നടപടിക്കെതിരെ എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. തിരൂരങ്ങാടി നിയോജകമണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ-മത സംഘടനകളുടെ പരിപാടികള്‍ക്ക് സ്‌റ്റേഡിയം നല്‍കരുതെന്ന കാലങ്ങളായുള്ള മുന്‍സിപ്പാലിറ്റിയുടെ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊടിഞ്ഞി ഫൈസല്‍ കൊലക്കേസിലെയും സിപിഎം പ്രവര്‍ത്തകനായ കൃഷ്ണദാസിനെ ആക്രമിച്ച കേസിലെയും പ്രതികള്‍ പരിപാടിയില്‍ പങ്കെടുത്തു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ അഹമ്മദും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആര്‍എസ്എസിന് വേദി നല്‍കിയതെങ്കിലും ഇപ്പോള്‍ യൂത്ത് ലീഗിനെ വിഷയത്തില്‍ ഇറക്കി നാടകം കളിക്കുകയാണെന്നും ഹമീദ് പരപ്പനങ്ങാടി പരിഹസിച്ചു.
എസ്ഡിപിഐ നേതാക്കളായ സി പി നൗഫല്‍, കെ അബ്ദുല്‍ സലാം, അക്ബര്‍ പരപ്പനങ്ങാടി, സി പി അഷ്‌റഫ് സംസാരിച്ചു. കെ സിദ്ധീഖ്, ടി വാസു, യാസര്‍ അറഫാത്ത്, ഷരീഫ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.