ഒറ്റമൂലിക്കായി പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ തെളിവെടുപ്പ് ഇന്ന്

Update: 2022-05-12 02:29 GMT

മലപ്പുറം: ഒറ്റമൂലി കൈക്കലാക്കാന്‍ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് ഉണ്ടായേക്കും. വെട്ടിമുറിച്ച് പുഴയില്‍ ഉപേക്ഷിച്ച മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം നടത്തും. ഷൈബിനും സംഘവും മറ്റേതെങ്കിലും കുറ്റ കൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നതും പോലിസ് അന്വേഷിക്കുന്നുണ്ട്. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കൊല്ലപ്പെട്ട വൈദ്യന്‍ ഷാബാ ശെരീഫിന്റെ പുഴയില്‍ ഉപേക്ഷിച്ച മൃതദേഹം കണ്ടെത്തുകയാണ് പോലിസിന് മുന്നിലുള്ള വെല്ലുവിളി. സംഭവം നടന്ന് ഒന്നര വര്‍ഷം പിന്നിട്ടതിനാല്‍ കൊലപാതക ശേഷം വെട്ടിമുറിച്ച് പുഴയില്‍ തള്ളിയ മൃതദേഹ അവശിഷ്ടം കണ്ടെത്താനാവുമോ എന്ന ആശങ്കയിലാണ് അന്വേഷണസംഘം. കൊല്ലപ്പെട്ടയാളുടെ മൃതദേഹം ലഭ്യമല്ലാത്തതിനാല്‍ പരമാവധി ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ശേഖരിക്കാനാവും പോലിസ് നീക്കം.

അതേസമയം, വൈദ്യനായ ഷാബാ ശെരീഫിനെ വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ച സമയത്ത് മുഖ്യപ്രതി ഷൈയ്ബിന്‍ അഷ്‌റഫിന്റെ ഭാര്യയും ആറുവയസ്സുള്ള കുട്ടിയും വീട്ടിലുണ്ടായിരുന്നു. ഷൈബിന്റെ ഭാര്യയുടെ വിശദമായ മൊഴിയും പോലിസ് രേഖപ്പെടുത്തും. കൂടാതെ മൈസൂരില്‍ നിന്ന് വൈദ്യനെ തട്ടിക്കൊണ്ടുകൊണ്ടുവരാന്‍ സഹായിച്ച കൂട്ടുപ്രതികളെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടാനുള്ള ശ്രമങ്ങളും അന്വേഷണസംഘം നടത്തുന്നുണ്ട്. നാല് പേര്‍ കൂടിയാണ് കേസില്‍ പിടിയിലാകാനുള്ളത്.

Tags:    

Similar News